/kalakaumudi/media/media_files/2025/12/02/sugunapalan-2025-12-02-17-49-05.jpg)
കൊച്ചി: അഭിഷാകവൃത്തിയിലുപരി... മനുഷ്യാവകാശങ്ങള്‍ക്കുപരി... മനുഷ്യസ്‌നേഹിയായ ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട ഓര്‍മ്മയിലാണ് സംസ്ഥാനത്തെയും രാജ്യത്തെയും മുതിര്‍ന്ന അഭിഭാഷകര്‍. ഒരു വക്കീല്‍ എങ്ങനെയായിരിക്കണം എന്നത് പുതിയ കുട്ടികള്‍വരെ മാതൃകയാക്കിയിരുന്ന സുഗുണപാലന്‍
കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ മാത്രമായിരുന്നില്ല സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധര്‍മ്മപ്രബോധിനി സഭ രക്ഷാധികാരിയുമായിരുന്നു.
അന്തരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എന്‍ എന്‍ സുഗുണപാലന്‍ (86)ന്റെ സംസ്‌കാരം നാളെ രാവിലെ 10.30ന് കുമ്പളങ്ങിയിലെ വീട്ടുവളപ്പില്‍ നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10ആയിരുന്നു അന്ത്യം.
40 വര്‍ഷത്തിലേറെയായി എറണാകുളത്തെ പ്രമുഖ അഭിഭാഷക സ്ഥാപനമായ ചന്ദ്രശേഖരന്‍ ആന്‍ഡ് ചന്ദ്രശേഖര മേനോന്‍ അസോസിയേറ്റ്‌സിന്റെ സീനിയര്‍ പാര്‍ട്ണറായിരുന്നു. ആറ് പതിറ്റാണ്ടായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് നടത്തുന്ന അപൂര്‍വം അഭിഭാഷകരില്‍ ഒരാളാണ്. കൊച്ചി, കോഴിക്കോട് വിമാനത്താവള കമ്പനികള്‍, ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട്, കൂടല്‍മാണിക്യം ദേവസ്വം തുടങ്ങി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കോണ്‍സലാണ്.
ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലേക്ക് സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഉപദേശക സമിതി അംഗങ്ങളില്‍ ഒരാളും എറണാകുളം എസ്.എന്‍.വി സദനം, ആലുവ ശ്രീനാരായണഗിരി തുടങ്ങിയ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഉപദേശകസമിതി അംഗവുമായിരുന്നു. കുമ്പളങ്ങി നെടുങ്ങയില്‍ പരേതനായ നാരായണന്റെ മകനാണ്.
പ്രശസ്ത പത്രപ്രവര്‍ത്തകനും കേരള മീഡിയ അക്കാഡമി കോഴ്‌സ് ഡയറക്ടറുമായിരുന്ന പരേതനായ എന്‍.എന്‍. സത്യവ്രതന്‍, മൂവാറ്റുപുഴയിലെ പ്രമുഖ ഡോക്ടറായിരുന്ന പരേതനായ എന്‍.എന്‍. അശോകന്‍, പരേതരായ എന്‍.എന്‍. നന്ദിനി, ഡോ. എന്‍.എന്‍. ശാന്തിമതി എന്നിവര്‍ സഹോദരങ്ങളാണ്. മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ എന്‍.സി.സിയുടെ ബെസ്റ്റ് കേഡറ്റ് കോര്‍പ്പ് മെഡല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഭാര്യ : ഡോ. മോഹന സുഗുണപാലന്‍. മക്കള്‍ : ഡോ. നിഷ, അഡ്വ. നിത. മരുമക്കള്‍: ശ്രീകുമാര്‍ (എന്‍ജിനിയര്‍, മസ്‌കറ്റ്), അഡ്വ. എസ്. സുജിന്‍ (കേരള ഹൈക്കോടതി).
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
