തൃക്കാക്കര : നാല് മാസം മുമ്പ് പാലക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമ വകുപ്പിന് കൈമാറിയ മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. അസാം സ്വദേശിയായ കുട്ടി നിലവിൽ മട്ടാഞ്ചേരി വിമലഭവനിൽ അന്തേവാസിയാണ്. സംഭവത്തിൽ തൃക്കാക്കര പൊലീസ് പോക്സോ വകുപ്പ് ചുമത്തി അന്വേഷണമാരംഭിച്ചു.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നിലയിലാണ് പാലക്കാട് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. എങ്ങനെയാണ് കേരളത്തിലെത്തിയതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയിൽ നിന്ന് ദ്വിഭാഷിയുടെ സഹായത്തോടെ പാലക്കാട് ശിശുക്ഷേമ സമിതി അധികൃതർ വിവരങ്ങൾ ശേഖരിച്ചിരുന്നു. തനിക്ക് നാട്ടിൽ സഹോദരങ്ങളുള്ളതായും അഞ്ചാംക്ലാസ് വരെ പഠിച്ചതായും കുട്ടി വെളിപ്പെടുത്തി. സമിതിയുടെ കീഴിലുള്ള പാലക്കാട്ടെ അഭയകേന്ദ്രത്തിൽ പാർപ്പിക്കാൻ സൗകര്യമില്ലാത്തതിനാൽ തൊടുപുഴയിലെ ചിൽഡ്രൻസ് ഹോമിലേക്ക് കൊണ്ടുപോയിരുന്നു. അവിടെയും സൗകര്യമില്ലാതിരുന്നതിനാൽ കോതമംഗലം ധർമ്മഗിരിയിലും തുടർന്ന് വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്കും മാറ്റി.ഇവിടെ കഴിയവെ നടത്തിയ പ്രായപരിശോധനയിൽ കുട്ടിക്ക് 16 വയസിനടുത്ത് പ്രായമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കഴിഞ്ഞ നവംബർ 7ന് മട്ടാഞ്ചേരി വിമലഭവനിലേക്ക് മാറ്റിയത്. മട്ടാഞ്ചേരിയിൽ താലൂക്ക് ആശുപത്രിയിലുൾപ്പെടെ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർച്ചയായി രോഗബാധിതയായതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതർ കളമശേരി പൊലീസിന് വിവരം കൈമാറി. തുടർന്നാണ് തൃക്കാക്കര പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. കാക്കനാട് ചിൽഡ്രൻസ് ഹോമിൽ വച്ചാണ് പീഡനം നടന്നതെന്നാണ് കുട്ടിയുടെ മൊഴിയെങ്കിലും ഇതിന് സാദ്ധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു. മറ്റേതെങ്കിലും സ്ഥലത്ത് വച്ചാണോ പീഡനം നടന്നതെന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
