16 ഭൂട്ടാന്‍ വാഹനങ്ങള്‍ കേരളത്തിലെത്തിച്ചത് കോയമ്പത്തൂര്‍ വഴി

ഭൂട്ടാന്‍ മുന്‍ സൈനികനും ഇടനിലക്കാരനായ ഷാ കിന്‍ലിക്കൊപ്പം ചേര്‍ന്ന് ഇരുവരും 16 വാഹനങ്ങള്‍ വാങ്ങി ഇന്ത്യയിലേക്ക് കടത്തിയെന്ന് ഇ.ഡിയോട് സമ്മതിച്ചു.

author-image
Biju
New Update
bhutan

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിനു പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷൈന്‍ മോട്ടോഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ സാദിഖ് ബാഷ, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് വാഹനക്കടത്തിന് ചുക്കാന്‍ പിടിച്ചത് എന്ന വിവരമാണു പുറത്തു വന്നിരിക്കുന്നത്. 

ഭൂട്ടാന്‍ മുന്‍ സൈനികനും ഇടനിലക്കാരനായ ഷാ കിന്‍ലിക്കൊപ്പം ചേര്‍ന്ന് ഇരുവരും 16 വാഹനങ്ങള്‍ വാങ്ങി ഇന്ത്യയിലേക്ക് കടത്തിയെന്ന് ഇ.ഡിയോട് സമ്മതിച്ചു. ഇന്നലെ നടന്ന റെയ്ഡില്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായും അവയുടെ പരിശോധന പുരോഗമിക്കുന്നതായും ഇ.ഡി വ്യക്തമാക്കി.

കേരളത്തിലെ 5 ജില്ലകളിലായി നടന്ന കസ്റ്റംസ് പരിശോധനയില്‍ 39 വാഹനങ്ങള്‍ പിടികൂടിയതിനു പിന്നാലെയാണ് ഇ.ഡിയും വിഷയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഇന്നലെ ചലച്ചിത്ര താരങ്ങള്‍, വാഹന ഇടപാടുകാര്‍, വാഹന ഷോറൂമുകള്‍ എന്നിങ്ങനെ 17 ഇടങ്ങളിലായി ഇ.ഡി പരിശോധന നടത്തിയത്. 

സാദിഖ് ബാഷയും ഇമ്രാന്‍ ഖാനും ഭൂട്ടാനില്‍ നിന്ന് പഴയ വാഹനങ്ങള്‍ വാങ്ങി വ്യാജ എന്‍ഒസികള്‍ തയാറാക്കുകയായിരുന്നു എന്നും ഇവയ്ക്കായി അനധികൃത മാര്‍ഗങ്ങളിലൂടെ പണമിടപാട് നടത്തിയെന്നുമാണ് ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത്. 

കോയമ്പത്തൂരുകാര്‍ 202324 സമയങ്ങളിലായി ഭൂട്ടാനില്‍ നിന്ന് ഷാ കിന്‍ലിയുടെ സഹായത്തോടെ 16 വാഹനങ്ങള്‍ വാങ്ങിയെന്ന് ഇ. ഡി കണ്ടെത്തി. ഈ വാഹനങ്ങള്‍ ഇന്ത്യഭൂട്ടാന്‍ അതിര്‍ത്തിയായ ജയ്ഗാവോണില്‍ എത്തിച്ച് അവിടെ നിന്ന് കണ്ടെയ്‌നര്‍ ട്രക്കുകളില്‍ കയറ്റി കൊല്‍ക്കത്ത, ഭൂവനേശ്വര്‍, ചെന്നൈ വഴി കോയമ്പത്തൂരില്‍ എത്തിക്കുകയായിരുന്നു. 

ഇതിനായി ഇവര്‍ കസ്റ്റംസ് അനുമതി തേടുകയോ ഇറക്കുമതിച്ചുങ്കം നല്‍കുകയോ െചയ്തിട്ടില്ല. കോയമ്പത്തൂരിലെത്തിക്കുന്ന വാഹനങ്ങള്‍ പൊളിച്ച് അവയുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഘം വിറ്റു. ഒഎല്‍എക്‌സ് അടക്കമുള്ള ഓണ്‍ലൈന്‍ സൈറ്റുകളെയാണ് ഇതിനാശ്രയിച്ചത്. പണമിടപാടുകള്‍ കാഷ് ആയിട്ടോ വ്യക്തിഗത അക്കൗണ്ടുകളിലൂടെയോ ആയിരുന്നു. ഈ ഇടപാടുകള്‍ക്കുള്ള ഇന്‍വോയിസുകളടക്കം രേഖകള്‍ ഒന്നും ഇവര്‍ സൂക്ഷിച്ചിട്ടില്ലെന്നും ഇ.ഡി കണ്ടെത്തി.

എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലുള്ള 17 സ്ഥലങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. കേരളത്തിലെ ഗരേജുകളിലും വര്‍ക്ഷോപ്പുകളിലും നടത്തിയ പരിശോധനകളില്‍ ഇത്തരത്തില്‍ പൊളിച്ചു വിറ്റ വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ടസുകള്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭൂട്ടാന്‍ കേന്ദ്രമായുള്ള വാഹന ഇടപാടുകാരുമായി ബന്ധപ്പെട്ടതിന്റെ ഡിജിറ്റല്‍ തെളിവുകളും ലഭിച്ചു. വ്യാജ എന്‍ഒസികള്‍, വാട്‌സ്ആപ് ചാറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇവ വാങ്ങിയവരുടെ വിവരങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും.

വിദേശനാണയ വിനിമയ നിയമത്തിലെ 3, 4, 8 വകുപ്പുകള്‍ അനുസരിച്ച് വിദേശ വാഹനങ്ങള്‍ വാങ്ങിയതിനും അനധികൃത വിദേശ പണമിടപാടിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഇഡി പറയുന്നു. പണമിടപാടിന്റെയും വിദേശ അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ലഭിക്കുന്നതിനായി പിടിച്ചെടുത്ത രേഖകളുടെ ഫോറന്‍സിക് പരിശോധന നടത്തുകയാണെന്നും ഇഡി വ്യക്തമാക്കി. കസ്റ്റംസ്, സംസ്ഥാനങ്ങളിലെ ആര്‍ടിഒകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇഡി പരിശോധനകള്‍ പുരോഗമിക്കുന്നത്. 

നിയന്ത്രണങ്ങള്‍ കുറവുള്ള അതിര്‍ത്തി പ്രദേശങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് അനധികൃത മാര്‍ഗങ്ങളിലൂടെ വിദേശത്തു നിന്ന് വാഹനങ്ങള്‍ കടത്തുന്ന സംഘത്തെയാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ഇഡി പറയുന്നു. പണമിടപാടിന്റെ തെളിവുകളും ഈ വാഹനക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവരുടെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.