/kalakaumudi/media/media_files/2025/10/30/rajeev-2025-10-30-15-58-53.jpg)
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്.
രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് മുംബൈ ആസ്ഥാനമായ ആര്‍ എച്ച് പി പാര്‍ട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.
നേരത്തെ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഉന്നയിച്ച വ്യവസായ ഭൂമി ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ബിപിഎല്‍ വ്യക്തമാക്കിയിരുന്നു.രാജീവ് ചന്ദ്രശേഖറിന് ബിപിഎല്‍ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടോ ഓഹരി പങ്കാളിത്തമോ ഇല്ല. ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും ദുരുപദിഷ്ടവും തെറ്റിദ്ധാരണ ഉയര്‍ത്തുന്നതുമാണെന്ന് ബിപിഎല്‍ സിഇഒ ശൈലേഷ് മുദലര്‍ പറഞ്ഞു. പതിച്ചു നല്‍കിയ ഭൂമിയില്‍ 1996 നും 2004 നും ഇടക്ക് ബിപിഎല്‍ 450 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നതായും കമ്പനി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
