/kalakaumudi/media/media_files/2025/10/14/chenthamara-2025-10-14-11-52-24.jpg)
പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. ഇരുഭാഗത്തിന്റെയും വാദം കേട്ട പാലക്കാട് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (4) ആണ് വിധി പറഞ്ഞത്. മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി പരാമര്‍ശിച്ചു. ജസ്റ്റിസ് കെന്നത്ത് ജോര്‍ജാണ് ശിക്ഷ വിധിച്ചത്. സജിത വധക്കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര ഇരട്ട കൊലപാതകം നടത്തിയെന്ന കാര്യം സാക്ഷികള്‍ക്ക് ഭീഷണിയാണെന്നു പറഞ്ഞ പ്രോസിക്യൂഷന്‍, പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
കൊലപാതകം, അതിക്രമിച്ചു കടക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
2019 ഓഗസ്റ്റ് 31നാണു സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരില്‍ ജോലിസ്ഥലത്തും മക്കള്‍ സ്‌കൂളിലുമായിരുന്നു. തന്റെ കുടുംബം തകര്‍ത്തതു സജിതയാണെന്ന അയല്‍വാസിയും ബോയന്‍ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നാണു പൊലീസിന്റെ കണ്ടെത്തല്‍.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ 2025 ജനുവരി 27നു സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണു ചെന്താമര. ഈ സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും നെന്മാറ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാവുകയും ചെയ്തിരുന്നു.
നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമര കൊല്ലപ്പെട്ടവരുടെ വീടിനു സമീപം താമസിച്ചിട്ടും ഇയാളുടെ ഭീഷണിയെക്കുറിച്ചു കുടുംബം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതാണു പൊലീസിനെതിരെ വിമര്‍ശനത്തിനു കാരണമായത്. സജിത വധക്കേസിന്റെ വിചാരണ സമയത്തും പ്രതി കോടതിവളപ്പില്‍ ഭീഷണി മുഴക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
