/kalakaumudi/media/media_files/2025/12/09/vanchi-2025-12-09-16-50-31.jpg)
തിരുവനന്തപുരം: ജില്ലയില്‍ വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി ബിജെപി. വഞ്ചിയൂരിലെ രണ്ടാം ബൂത്തില്‍ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്തെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് വഞ്ചിയൂരില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നല്‍കിയെന്ന് ബിജെപി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സിപിഎമ്മുമായി ഒത്തുകളിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ആരോപിച്ചു.
കുന്നുകുഴിയില്‍ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തിട്ടുണ്ടെന്നും ഇതു തെളിയിക്കുമെന്നും കരമന ജയന്‍ പറഞ്ഞു. വോട്ടെടുപ്പ് ദൃശ്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നതെന്നും എന്നാല്‍ മൊബൈല്‍ ഫോണിലാണ് ചിത്രീകരിക്കുന്നതെന്നും കരമന ജയന്‍ പറഞ്ഞു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബാറ്ററി തീര്‍ന്നുവെന്നു പറഞ്ഞാണ് മൊബൈല്‍ ചിത്രീകരണം തുടങ്ങിയത്.
ഇതു നിയമവിരുദ്ധമാണ്. ഇതിനെതിരെയും പരാതി നല്‍കുമെന്ന് കരമന ജയന്‍ പറഞ്ഞു. വഞ്ചിയൂരില്‍ കഴിഞ്ഞ തവണ 256 വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്. അതേസമയം ബിജെപിയുടെ ആരോപണം സിപിഎം നിഷേധിച്ചു. വോട്ട് ചെയ്യാന്‍ എത്തിയ ട്രാന്‍സ്ജെന്‍ഡര്‍മാരെ ആക്ഷേപിച്ചതാണ് സംഘര്‍ഷത്തിനു കാരണമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
