/kalakaumudi/media/media_files/2025/12/09/kunju-2025-12-09-18-54-41.jpg)
തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാല്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കന്റോണ്‍മെന്റ് പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറി ചെയര്‍മാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കേസെടുത്തത്.
നവംബര്‍ ആറിന് സിനിമകളുടെ സ്‌ക്രീനിംഗിന് ശേഷം തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ സംഭവത്തില്‍ നവംബര്‍ 27-ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഡിസംബര്‍ എട്ടിന് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75(1) വകുപ്പുകള്‍ പ്രകാരമാണ് കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. കൂടാതെ, സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതായും കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ആ സമയത്ത് അവിടെയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ വിധി വന്നതിനുശേഷം മാത്രമേ പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
