ബിജെപിക്കാരുടെ റേഷൻ കടയിൽ പോകാൻ പറഞ്ഞു', അടിമാലിയിലെ റേഷൻകടയിൽ വിലക്കേർപ്പെടുത്തിയെന്ന് പരാതിയുമായി മറിയകുട്ടി

മറിയക്കുട്ടിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് റേഷൻ കട ഉടമ

author-image
Devina
New Update
mariyakutty


ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക് എന്ന് പരാതി. അടിമാലിയിലെ ARD 117 എന്ന റേഷൻ കടയിലാണ് മറിയക്കുട്ടിക്ക് വിലക്ക്. സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയിൽ പോകാൻ ജീവനക്കാർ പറഞ്ഞു എന്നാണ് ആരോപണം. കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്നാണ് വിലക്ക് ഉണ്ടായതെന്ന് മറിയക്കുട്ടി പറയുന്നു. സംഭവത്തിൽ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.അതേസമയം, മറിയക്കുട്ടിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് റേഷൻ കട ഉടമ പറഞ്ഞു. സാങ്കേതിക തകരാർ കാരണം റേഷൻ വിതരണം തടസ്സപ്പെട്ടപ്പോഴാണ് മറിയക്കുട്ടി വന്നത്. മറിയക്കുട്ടിയെപ്പോലെ തന്നെ നിരവധി പേർ റേഷൻ വാങ്ങാൻ ആവാതെ തിരിച്ചു പോയെന്നും കട ഉടമ പറഞ്ഞു.

2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടി പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ ഭിക്ഷ യാചിച്ച് സമരം നടത്തിയത്. വേറിട്ട സമരത്തിലൂടെ വാർത്തയിൽ ഇടംപിടിച്ചതിന് പിന്നാലെ സഹായവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇരുനൂറേക്കർ സ്വദേശിയായ മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്ത് വരികയും കെപിസിസി വീട് വെച്ച് നൽകുകയും ചെയ്തിരുന്നു. എന്നാൽ, വീട് വച്ചുതന്നതിനുശേഷം കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്ന് മറിയക്കുട്ടി പറഞ്ഞു. തുടർന്ന് മറിയക്കുട്ടി ബിജെപിയിൽ ചേരുകയായിരുന്നു.