എല്‍ഡിഎഫ് കൈവിട്ടാല്‍ സിപിഐയെ സ്വീകരിക്കും: കെ സുധാകരന്‍

മുന്നണിയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ചര്‍ച്ച ചെയ്യാതെ ഒരു തീരുമാനം എടുക്കുമ്പോള്‍ ആ തീരുമാനത്തോട് വിയോജിപ്പുള്ള ഘടകകക്ഷികള്‍ വിഘടിച്ചുപോകും. ഈ അവസ്ഥയില്‍ സിപിഐയ്ക്ക് മുന്നണിയില്‍ തുടരാന്‍ സാധിക്കില്ല.

author-image
Biju
New Update
k sudhakaran

കണ്ണൂര്‍: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ എല്‍ഡിഎഫ് കൈവിട്ടാല്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സുധാകരന്‍ എംപി. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐയെ പോലൊരു ഇടത്പക്ഷ പാര്‍ട്ടി ചിലത് പറയുമ്പോള്‍ അതിനകത്ത് എവിടെയൊക്കെയോ കാര്യമുണ്ടെന്നത് വ്യക്തമാണ്. സിപിഎമ്മിന് സിപിഐയെ അനുനയിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ക്ക് പരിഹാരം കാണാതെ മുന്നോട്ടുപോയാല്‍ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു.

മുന്നണിയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ചര്‍ച്ച ചെയ്യാതെ ഒരു തീരുമാനം എടുക്കുമ്പോള്‍ ആ തീരുമാനത്തോട് വിയോജിപ്പുള്ള ഘടകകക്ഷികള്‍ വിഘടിച്ചുപോകും. ഈ അവസ്ഥയില്‍ സിപിഐയ്ക്ക് മുന്നണിയില്‍ തുടരാന്‍ സാധിക്കില്ല. 

ഭരിക്കുന്ന ഘടകകക്ഷികള്‍ക്കിടയില്‍ ഐക്യം വേണം. എന്നാലല്ലേ എല്ലാം നല്ലനിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. മുന്നണിവിട്ട് സിപിഐ വന്നാല്‍ നമ്മള്‍ നൂറ് ശതമാനം സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി യോഗങ്ങള്‍ നടക്കേണ്ടതെല്ലാം നടക്കുന്നുണ്ടെന്ന് സുധാകരന്‍ പ്രതികരിച്ചു. പുനഃസംഘടനയില്‍ വളരെ തൃപ്തനാണ്. 140 സെക്രട്ടറിമാരെയൊക്കെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി വെക്കുമോ? എല്ലാം വെറുതെ പറയുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു.