സുവര്‍ണജൂബിലി നിറവില്‍ കലാകൗമുദി; പ്രമുഖര്‍ക്ക് ആദരം

കേരളത്തിലെ സാഹിത്യ, സംസ്‌കാരിക രംഗത്തിന് രാഷ്ട്രീയ ദര്‍ശനം നല്‍കിയ ആധുനിക മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ ഈടുറ്റ വാരികളിലൊന്നാണ് അരനൂറ്റാണ്ട് പിന്നിടുന്ന കലാകൗമുദി

author-image
Biju
New Update
madhu 2

സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്‍ മധുവിനെ കലാകൗമുദി എഡിറ്റര്‍ സുകുമാരന്‍ മണി ആദരിക്കുന്നു

തിരുവനന്തപുരം: മലയാള വായനാസമൂഹത്തിന് പുതിയ വീക്ഷണവും ദിശയും നല്‍കിയ ആനുകാലിക പ്രസിദ്ധീകരണമായ കലാകൗമുദി വാരിക അമ്പതിന്റെ നിറവില്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് 3ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ആഘോഷപരിപാടി ദേവസ്വം സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥിയാകും.

ശിവഗിരിമഠം പ്രസിഡന്റ് സച്ചിതാനന്ദ സ്വാമികള്‍, എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, വി.കെ പ്രശാന്ത്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്‍ മന്ത്രി സി ദിവാകരന്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ തുടങ്ങിയവര്‍ ആശംസകള്‍ നേരും. കേണല്‍ രാജീവ് മണ്ണാളി, എസ് ജ്യോതിസ് ചന്ദ്രന്‍, ഡോ. രാമകൃഷ്ണന്‍ നായര്‍, പി.എന്‍ വിജയകുമാര്‍, പി ദാമോദരന്‍ മനായര്‍ എസ് ശ്യാമള ദേവി നായര്‍, വി.എസ് സന്തോഷ് കുമാര്‍, ഡോ. കെ ജ്യോതിലാല്‍ എന്നിവരെ ആദരിക്കും. മന്ത്രി വി എന്‍ വാസവന്‍ ഉപഹാര സമര്‍പ്പണം നടത്തും. സാമുഹീക, സാംസ്‌കാരിക, സാഹിത്യമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

കേരളത്തിലെ സാഹിത്യ, സംസ്‌കാരിക രംഗത്തിന് രാഷ്ട്രീയ ദര്‍ശനം നല്‍കിയ ആധുനിക മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ ഈടുറ്റ വാരികളിലൊന്നാണ് അരനൂറ്റാണ്ട് പിന്നിടുന്ന കലാകൗമുദി. അച്ചടി വായന മരിക്കുകയാണ് എന്നു വിലപിക്കുന്ന കാലത്തും ഒരു മലയാള ആനുകാലിക പ്രസിദ്ധീകരണം അരനൂറ്റാണ്ട് പിന്നിട്ട് ഇപ്പോഴും വായനക്കാരുടെ കയ്യിലെത്തുകയെന്നത് മലയാള ഭാഷക്ക് തന്നെ അഭിമാനിക്കാവുന്ന ചരിത്ര സംഭവമാണ്.

ഒരു കാലത്ത് കേരളത്തിന്റെ പുരോഗമന വീക്ഷണങ്ങള്‍ക്ക് ഏറെ പിന്‍തുണ നല്‍കിയ കലാകൗമുദി വാരിക മലയാളി സമൂഹത്തില്‍ പൊതുജനാഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മലയാള പത്രപ്രവര്‍ത്തന രംഗത്തെ കുലപതികളിലൊരാളായ പത്രാധിപര്‍ സുകുമാരന്റെ മകന്‍ എം.എസ്. മണി തെളിച്ച വഴിയിലൂടെ കലാകൗമുദി ഇന്നും മലയാളത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു.എം.എസ്. മണിയുടെ മകന്‍  സുകുമാരന്‍ മണിയാണ് ഇപ്പോള്‍ കലാകൗമുദി എഡിറ്റര്‍.