വിചാരണയ്ക്കിടെ വിഡിയോ ചിത്രീകരിച്ചു, പയ്യന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍പഴ്‌സനെ ശിക്ഷിച്ച് കോടതി

പയ്യന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍പഴ്‌സന്‍ ജ്യോതി, കോടതി വരാന്തയില്‍നിന്ന് വിചാരണയുടെ വിഡിയോ എടുക്കുന്നത് ജഡ്ജിയുടെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു

author-image
Biju
New Update
kodathy

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയക്കാര്‍ക്ക് ചില ധാര്‍ഷ്ഠ്യമുണ്ടെന്നും അത് ഇവിടെ കാണിക്കരുതെന്നും തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്ത്. ധന്‍രാജ് വധക്കേസ് വിചാരണയ്ക്കിടെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. പയ്യന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍പഴ്‌സന്‍ ജ്യോതി, കോടതി വരാന്തയില്‍നിന്ന് വിചാരണയുടെ വിഡിയോ എടുക്കുന്നത് ജഡ്ജിയുടെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.

പിന്നീട് ഉച്ചകഴിഞ്ഞ് കോടതി ചേര്‍ന്നപ്പോഴാണ് ജഡ്ജി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ''നിങ്ങള്‍ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകയല്ല, നഗരസഭാ വൈസ് ചെയര്‍പഴ്‌സന്‍ ആയ വ്യക്തിയാണെന്നാണ് അറിയുന്നത്. ബലിദാനികളായാലും രക്തസാക്ഷികളായാലും അവരെ അപമാനിക്കരുതെന്നും ജഡ്ജി പറഞ്ഞു. തുടര്‍ന്ന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിക്കുകയായിരുന്നു.

സിപിഎം പ്രവര്‍ത്തകനായിരുന്ന ധന്‍രാജിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കിടെ പ്രതികളെ ധന്‍രാജിന്റെ ഭാര്യ തിരിച്ചറിയുന്നതിനിടെയാണ് ജ്യോതി വിഡിയോ എടുത്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജഡ്ജി ഉടന്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ ദൃശ്യങ്ങള്‍ കണ്ടെത്തി. മുമ്പും ഇതേ കേസിന്റെ വിചാരണ സമയത്ത് സിപിഎം നേതാവ് വിഡിയോ എടുത്ത സംഭവമുണ്ടായിരുന്നു. അന്ന് കോടതി താക്കീത് ചെയ്തു വിടുകയായിരുന്നു.  2016ലാണ് കണ്ണൂര്‍ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സി.വി.ധന്‍രാജിനെ (38) വെട്ടിക്കൊന്നത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍.