കെസിഎ സ്റ്റേഡിയം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

ഇടക്കൊച്ചി സ്റ്റേഡിയം പദ്ധതിയുമായി ബന്ധപ്പെട്ട് കെസിഎയ്ക്കെതിരേ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. 20 കോടിയോളം രൂപയുടെ അഴിമതി നടന്നതായാണ് ആരോപണമുയര്‍ന്നത്.

author-image
Biju
New Update
kca

കൊച്ചി: സ്റ്റേഡിയം അഴിമതിക്കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) തിരിച്ചടി. ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതിക്കു പിന്നിലെ അഴിമതി അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിനെതിരേ കെസിഎ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്ഥലംവാങ്ങിയ കേസും അന്വേഷണത്തില്‍ ഉള്‍പ്പെടും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണമാവാമെന്ന നിരീക്ഷണത്തിലേക്കെത്തിയത്.

ഇടക്കൊച്ചി സ്റ്റേഡിയം പദ്ധതിയുമായി ബന്ധപ്പെട്ട് കെസിഎയ്ക്കെതിരേ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. 20 കോടിയോളം രൂപയുടെ അഴിമതി നടന്നതായാണ് ആരോപണമുയര്‍ന്നത്. എന്നാല്‍, പിന്നീട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കെസിഎയ്ക്കെതിരായ കേസ് റദ്ദാക്കി. കെസിഎ സര്‍ക്കാരില്‍നിന്ന് ധനസഹായം സ്വീകരിക്കാത്തതിനാല്‍ അതിന്റെ ഭാരവാഹികളെ പൊതുസേവകര്‍ ആയി കണക്കാക്കാനാവില്ലെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാവില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിലേക്ക് പരാതി പോയി. തുടര്‍ന്ന് കെസിഎ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് വിധേയമാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കെസിഎ ഉള്‍പ്പെടെയുള്ള ബോഡികള്‍ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് കെസിഎ വിധേയമാണെന്നാണ് ബെഞ്ചിന്റെ കണ്ടത്തല്‍. നേരത്തേ ബിസിസിഐക്കെതിരേ ഉള്‍പ്പെടെ സുപ്രീംകോടതി ഇടപെടലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം.

ഇടക്കൊച്ചിയില്‍ സ്റ്റേഡിയം നിര്‍മിക്കാനായി വാങ്ങിയ സ്ഥലം കണ്ടല്‍ക്കാടുകളും തണ്ണീര്‍ത്തടങ്ങളും നിറഞ്ഞ പരിസ്ഥിതി ദുര്‍ബല പ്രദേശമായിരുന്നു. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ചു. അതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതിലെ അഴിമതികളാണ് അന്വേഷണ പരിധിയില്‍ വരിക. കൂടാതെ, തൊടുപുഴയില്‍ സ്റ്റേഡിയത്തിന് സ്ഥലം വാങ്ങിയ കേസും അന്വേഷണത്തില്‍ ഉള്‍പ്പെടും.