അതിതീവ്ര മഴ, റെഡ് അലര്‍ട്ട്; നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. തീവ്രമഴയുടെ സാഹചര്യത്തില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

author-image
Biju
New Update
rain

തിരുവനന്തപുരം: കേരളത്തില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (ബുധന്‍) നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. നാല് ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.

ഇടുക്കിയില്‍ വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മലപ്പുറത്ത് അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പാലക്കാട് റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കോളേജുകള്‍, നവോദയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമല്ല.

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. തീവ്രമഴയുടെ സാഹചര്യത്തില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.