കേരള സർവകലാശാലയിലെ രജിസ്ട്രാർ പദവി തർക്കം; ഡോ. കെഎസ് അനിൽകുമാറിന് തിരിച്ചടി, സസ്പെൻഷൻ നടപടിക്കെതിരായ ഹർജി തള്ളി

കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ പദവി തര്‍ക്കത്തിൽ സസ്പെന്‍ഷൻ നടപടിയെ ചോദ്യം ചെയ്ത് ഡോ. കെഎസ് അനിൽകുമാര്‍ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. സസ്പെന്‍ഷൻ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി

author-image
Devina
New Update
anilkumar


കൊച്ചി: കേരള സർവകലാശാലയിലെ പദവി തർക്കത്തിൽ രജിസ്ട്രാർക്ക് തിരിച്ചടി. സസ്പെൻഷൻ നടപടിക്കെതിരെ ഡോ.കെഎസ് അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെഎസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി തുടരും. അനിൽകുമാറിൻറെ സസ്പെൻഷൻ തുടരണമോയെന്ന് സിൻഡിക്കേറ്റിന് വീണ്ടും യോഗം ചേർന്ന് തീരുമാനിക്കാമെന്നും ഹൈക്കോടതി ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.ഇതിനിടെ, കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൻറെ മിനുട്സ് തിരുത്തിയെന്നാരോപിച്ച് വൈസ് ചാൻസിലർ മോഹൻ കുന്നുമ്മലിനും മുൻ രജിസ്ട്രാർ ഇൻ ചാർജ്ജിനുമെതിരെ സിൻഡിക്കേറ്റിലെ ഇടത് അംഗം ലെനിൻ ലാൽ ആണ് കൻറോൺമെൻറ് പൊലീസിൽ പരാതി നൽകിയിരുന്നു. രജിസ്ട്രാർ കെ.എസ് അനിൽ കുമാർ സസ്പെൻഷനിലായതിനാൽ ചുമതല ആർ രശ്മികക്ക് നൽകിയതായി മിനുട്സിൽ രേഖപ്പെടുത്തി വിസി ഒപ്പിട്ടിരുന്നു, എന്നാൽ, ഈ മിനുട്സ് വിസി സ്വന്തം നിലയിൽ തയ്യാറാക്കിയതാണെന്നും വിഷയം കോടതി പരിഗണനയിലായതിനാൽ ചർച്ചയ്ക്കെടുത്തിട്ടില്ലെന്നുമാണ് ആരോപണം. രജിസ്ട്രാർ അനിൽ കുമാർ നൽകിയ പരാതിയിലെ എതിർകക്ഷിയായ വിസി സിൻഡിക്കേറ്റ് മിനുട്സ് തിരുത്തിയതിൽ വ‌ഞ്ചനയും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു.അനിൽ കുമാറിൻറെ സസ്പെൻഷൻ ജൂലൈ ആറിന് വിവാദ സിൻഡിക്കേറ്റ് യോഗം പിൻവലിച്ചതോടെയാണ് തർക്കം രൂക്ഷമായത്. രജിസ്ട്രാറായി അനിൽ കുമാറിനെ മാത്രമേ അംഗീകരിക്കുവെന്ന നിലപാടിലായിരുന്നു ഇടത് സിൻഡ‍ിക്കേറ്റ് അംഗങ്ങൾ. വിസിയുടെ വിലക്ക് തളളി അദ്ദേഹം ഓഫീസിലെത്തിയതും ഒരേ സമയം രണ്ട് രജിസ്ട്രാർമാർ സർവകലാശാലയിലുണ്ടായതും ഭരണപ്രതിസന്ധിയായിരുന്നു.