/kalakaumudi/media/media_files/2025/11/10/thammanam-2025-11-10-09-39-30.jpg)
കൊച്ചി: തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് വീടുകളില്‍ വെള്ളം കയറി. മതിലുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. നഗരത്തില്‍ ജലവിതരണം മുടങ്ങും. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്നത്.
ടാങ്കിനു പിന്നിലായുള്ള പത്തോളം വീടുകളില്‍ വെളളം കയറി. വെള്ളത്തില്‍ ഒഴുകിപ്പോയി വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. വീട്ടുപകരണങ്ങളും നശിച്ചു. കോര്‍പറേഷന്‍ 45ാം ഡിവിഷനിലെ ജലസംഭരണിയാണ് തകര്‍ന്നത്.
തകര്‍ന്ന ടാങ്കിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അപകട സമയം 1.15 കോടി ലീറ്റര്‍ വെള്ളം സംഭരണിയില്‍ ഉണ്ടായിരുന്നു. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതില്‍ ഒരു ക്യാബിനിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടര്‍ന്നു പോയത്. പുലര്‍ച്ചെയായതിനാല്‍ ആളുകള്‍ അറിയാന്‍ വൈകിയതിനാല്‍ ദുരിതം ഇരട്ടിയാക്കി.
തൃപ്പൂണിത്തുറ, പേട്ട മേഖലകളിലും നഗരത്തിലെ ചില ഭാഗങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നാണ് വിവരം. ജലവിതരണം പഴയ സ്ഥിതിയിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിസ്താരമേറിയ ടാങ്കിന്റെ ഒരു ഭാഗത്തെ പാളികളാണ് അടര്‍ന്നുമാറിയത്. പ്രദേശത്തെ നഗരകുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവന്‍ സാധനങ്ങളും വെള്ളം കയറി നശിച്ച അവസ്ഥയാണുള്ളത്. ആരോഗ്യകേന്ദ്രത്തിലെ പിപി കിറ്റുകളുള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒഴുകിപ്പോയി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
