/kalakaumudi/media/media_files/2025/12/06/kottiyam-2025-12-06-21-40-24.jpg)
കൊല്ലം: ദേശീയപാത 66-ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൊല്ലം കൊട്ടിയത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചു. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ശിവാലയ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന് ഒരു മാസത്തേക്ക് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തി.
അപകടകരമായ രീതിയില്‍ ഭിത്തി തകര്‍ന്നത് നിര്‍മ്മാണത്തിലെ ഗുരുതരമായ വീഴ്ചയായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിലയിരുത്തി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കരാര്‍ കമ്പനിക്കെതിരെ നടപടിയുണ്ടായത്. ഈ ഒരു മാസത്തെ വിലക്ക് കാലയളവില്‍ കമ്പനിയെ പുതിയ പദ്ധതികളിലോ മറ്റ് ടെന്‍ഡറുകളിലോ പങ്കെടുക്കാന്‍ അനുവദിക്കില്ല.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും, റോഡ് സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ദേശീയപാത അതോറിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറി. തകര്‍ന്ന സംരക്ഷണ ഭിത്തി എത്രയും പെട്ടെന്ന് ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് കമ്പനിയോട് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.
കൊട്ടിയം മൈലക്കാട് ഭാഗത്ത് ദേശീയപാതയുടെ നിര്‍മാണം നടക്കുന്നിടത്ത് സംരക്ഷണഭിത്തി പൂര്‍ണമായി തകര്‍ന്ന് റോഡ് അപകടകരമായ രീതിയില്‍ ഇടിഞ്ഞുതാഴ്ന്നു. മൈലക്കാട് പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേര്‍ന്നുള്ള സര്‍വീസ് റോഡ് ഉള്‍പ്പെടെ വന്‍ ഗര്‍ത്തമായി മാറി. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂള്‍ ബസ്, കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഗര്‍ത്തത്തില്‍ കുടുങ്ങി. ചില വാഹനങ്ങള്‍ ചെരിഞ്ഞുനിന്ന നിലയിലായി. യാത്രക്കാര്‍ക്ക് പരിക്കില്ലെങ്കിലും വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ദേശീയപാത അതോറിറ്റിയും പൊലീസും സ്ഥലത്തെത്തി ഗതാഗതം തിരിച്ചുവിട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
