ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ സന്ദന്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് ഹര്‍ജിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി.സ്‌നേഹലത എന്നിവരുടെ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നത്

author-image
Biju
New Update
lama

കൊച്ചി: കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്‍മ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമയെ (58) കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. നെടുമ്പാശേരി പൊലീസാണ് വിവരങ്ങള്‍ നല്‍കാനുള്ള ഫോണ്‍ നമ്പറുകള്‍ അടക്കം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ ഡിവൈഎസ്പി ടി.ആര്‍.രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിട്ടുള്ളത്.

പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ സന്ദന്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് ഹര്‍ജിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി.സ്‌നേഹലത എന്നിവരുടെ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നത്. കുവൈറ്റില്‍ നിന്ന് ഈ മാസം അഞ്ചിന് നെടുമ്പാശേരി വിമാനത്താവത്തില്‍ വന്നിറങ്ങിയ ലാമയെ പിന്നീട് കാണാതാവുകയായിരുന്നു. 

കുടുംബത്തെ പോലും അറിയിക്കാതെയാണ് പിതാവിനെ പരിചയക്കാര്‍ പോലുമില്ലാത്ത കൊച്ചിയിലേക്ക് കയറ്റി വിട്ടതെന്ന് മകന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പിതാവിനെ കാണാനില്ലെന്ന് മനസിലാക്കി മകന്‍ ബെംഗളൂരുവില്‍ നിന്നു കൊച്ചിയിലെത്തി അന്വേഷിക്കുകയും പലയിടത്തും വച്ച് കണ്ടതായ വിവരങ്ങള്‍ ശേഖരിച്ച് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പൊലീസിനു ലാമയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സന്ദന്‍ ലാമ ഹൈക്കോടതിയെ സമീപിച്ചത്.

ഓഗസ്റ്റ് ആദ്യം കുവൈറ്റിലുണ്ടായ മദ്യദുരന്തത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ മരിച്ചിരുന്നു. ആശുപത്രിയിലായവരില്‍ കുവൈറ്റില്‍ ബിസിനസ് ചെയ്തിരുന്ന സൂരജ് ലാമയും ഉള്‍പ്പെട്ടിരുന്നു. ഓര്‍മ പൂര്‍ണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് ലാമ. കാണാതാകുമ്പോള്‍ കറുത്ത കളറിലുള്ള ടീഷര്‍ട്ടും നീല കളര്‍ ജേഴ്‌സിയുമാണ് ലാമ ധരിച്ചിരുന്നത്. സൂരജ് ലാമയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990077, 9497987128 (നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ലുക്ക് ഔട്ട് നോട്ടിസില്‍ പറയുന്നു.