എംസി റോട്ടിലും വിള്ളല്‍; പലയിടത്തും കുഴികളും വ്യാപകം, റോഡിന് ബലക്ഷയമെന്ന് റിപ്പോര്‍ട്ട്

റോഡ് വശങ്ങളിലെ അനിയന്ത്രിതമായ മണ്ണെടുപ്പാണ് തകര്‍ച്ചയുടെ പ്രധാന കാരണം. ഒപ്പം നീര്‍ച്ചാലുകള്‍ നികത്തുന്നതും റോഡ് തകരാന്‍ കാരണമാകുന്നു.

author-image
Biju
New Update
mcroad

കോട്ടയം: നിര്‍മ്മാണത്തിലിരുന്ന എന്‍ എച്ച് 66 റോഡില്‍ കൂറ്റന്‍ വിള്ളല്‍ വീണതിന് പിന്നാലെ എംസി റോഡും തകര്‍ച്ചയിലേക്ക്. റോഡാകെ വിണ്ടു കീറാന്‍ തുടങ്ങി. റോഡിന് ബലക്ഷയം വ്യാപകമെന്നാണ് റിപ്പോര്‍ട്ട്. സര്‍വേ നടത്തി റോഡിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അറ്റകുറ്റപ്പണി ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിപി എഞ്ചിനീയറിങ് വിഭാഗം സര്‍ക്കാരിന് കത്ത് നല്‍കി. 

റോഡ് വശങ്ങളിലെ അനിയന്ത്രിതമായ മണ്ണെടുപ്പാണ് തകര്‍ച്ചയുടെ പ്രധാന കാരണം. ഒപ്പം നീര്‍ച്ചാലുകള്‍ നികത്തുന്നതും റോഡ് തകരാന്‍ കാരണമാകുന്നു. നീര്‍ച്ചാലുകള്‍ നികത്തുന്നതും വശങ്ങളിലെ കുന്നുകള്‍ ഇടിച്ചു നിരത്തുന്നതുമാണ് മഴക്കാലത്ത് എംസി റോഡ് വെള്ളക്കെട്ടാകുന്നതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മഴവെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്നതും റോഡിന്റെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. അഞ്ചുവര്‍ഷം മുമ്പ് നവീകരിച്ച റോഡിന്റെ, കാലാവധി കഴിഞ്ഞതോടെ പലയിടത്തും കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സുരക്ഷിത ഇടനാഴി പദ്ധതി ഈ റോട്ടിലും നടപ്പാക്കിയിരുന്നു. കഴക്കൂട്ടം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള റോഡാണ് കെഎസ്ടിപി നിയന്ത്രണത്തില്‍ ഉളളത്.