/kalakaumudi/media/media_files/2025/10/08/leaner-2025-10-08-21-41-59.jpg)
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിനുള്ള ലേണേഴ്സ് ടെസ്റ്റിലെ പുതിയ മാറ്റങ്ങള്‍ ആര്‍ടിഒ ഓഫീസുകളില്‍ തിരക്ക് സൃഷ്ടിക്കുന്നു. പരീക്ഷ എഴുതാന്‍ എത്തുന്ന ആളുകള്‍ പരീക്ഷയ്ക്കായി കൂടുതല്‍ സമയമെടുക്കുന്നതും ആര്‍ടിഒ ഓഫീസുകളിലെ സൗകര്യങ്ങളുടെ അഭാവവും നീണ്ട ക്യൂ ആണ് സൃഷ്ടിക്കുന്നത്. നേരത്തെ ലേണേഴ്സ് ടെസ്റ്റ് പരീക്ഷയില്‍ 20 ചോദ്യങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ ഇത് 30 ചോദ്യങ്ങളായി ഉയര്‍ത്തി.
ഓരോ മൂന്ന് ചോദ്യങ്ങള്‍ക്കും ശേഷം, ഒരു കാപ്ച (ക്യാപ്ച) ടൈപ്പ് ചെയ്യണം. ഇത് തെറ്റാണെങ്കില്‍, ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും തുടക്കം മുതല്‍ പരീക്ഷ വീണ്ടും എഴുതേണ്ടിവരും. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാന്‍ ആണ് ഓരോ മൂന്ന് ചോദ്യങ്ങള്‍ക്കും ശേഷം കാപ്ച ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത് സമയനഷ്ടത്തിന് കാരണമാകുന്നു. ആര്‍ടിഒ ഓഫീസുകളില്‍ കമ്പ്യൂട്ടറുകള്‍ ആവശ്യത്തിനു അനുസരിച്ച് ഇല്ല എന്നുള്ളതും പ്രതിസന്ധിയും സൃഷ്ടിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലേണേഴ്സ് ടെസ്റ്റില്‍ മുന്‍പ് ഉപയോഗിച്ചിരുന്ന പതിവ് ചോദ്യങ്ങള്‍ ഒഴിവാക്കി പുതിയ സെറ്റ് ചോദ്യങ്ങള്‍ ആണ് ചോദിക്കുന്നത്. പുതിയ ചോദ്യങ്ങള്‍ അല്‍പ്പം കഠിനമാണ് എന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 30 ല്‍ 18 ചോദ്യങ്ങള്‍ ശരിയായി ലഭിച്ചാല്‍ മാത്രമേ വിജയിക്കാന്‍ കഴിയൂ. ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ നിങ്ങള്‍ക്ക് 30 സെക്കന്‍ഡ് സമയം മാത്രമേ അനുവദിച്ചിട്ടുള്ളൂ.
എങ്ങനെയെങ്കിലും പരീക്ഷ എഴുതി വിജയിക്കുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍ ഉറപ്പായും പരാജയപ്പെടും എന്നാണ് പരീക്ഷ എഴുതിയവര്‍ പറയുന്നത്. ശരിയായി പഠിച്ചാല്‍ മാത്രമേ ലേണേഴ്‌സ് പരീക്ഷയില്‍ ഇപ്പോള്‍ വിജയിക്കൂ. ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് 'എംവിഡി ലീഡ്‌സ്' എന്ന ആപ്പില്‍ മോക്ക് ടെസ്റ്റുകളും പഠന സഹായങ്ങളും ലഭ്യമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
