പിഎം ശ്രീ പദ്ധതി; പരസ്യപോരിലേക്ക് സിപിഐ, മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം

2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ.

author-image
Biju
New Update
binoy

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതോടെ സിപിഐ-സിപിഎം ഭിന്നത രൂക്ഷമാകുന്നു. ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. വിഷയം സിപിഐ ചര്‍ച്ച ചെയ്യുമെന്നും ഇന്ന് അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് ഓണ്‍ലൈനായി ആണ് യോഗം നടക്കുന്നത്. 

സിപിഐയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് സിപിഐ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ വിയോജിപ്പ് സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. 

ഇടത് നയത്തില്‍ നിന്ന് സിപിഐഎം വ്യതിചലിച്ചെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അനന്തര നടപടികള്‍ ആലോചിക്കാന്‍ സിപിഐ ദേശീയ-സംസ്ഥാന സെക്രട്ടേറിയേറ്റുകള്‍ ഇന്ന് അടിയന്തരയോഗം വിളിച്ചു.അതേസമയം, പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ചുള്ള വിവാദം പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. 

ഇന്നലെയാണ് പിഎം ശ്രീയില്‍ ചേരാനുള്ള ധാരണപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടന്‍ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.

കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് വെറുതെ പാഴാക്കി കളയണോ എന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും നിയമപരമായി തടസങ്ങള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. സിപിഎമ്മനുള്ളിലും ഇതേ നിലപാടാണ്. പിഎം ശ്രീ പദ്ധതിയിലെ വിയോജിപ്പ് തുടരുമെന്ന സിപിഐയുടെ നിലപാട് തള്ളിയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായത്.

2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്.

രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്. ഈ പദ്ധതിയില്‍ പ്രവേശിക്കുന്നതിനായി സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തമിഴ്നാട്, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് പദ്ധതിയില്‍ ചേരാതെ പുറത്തുനിന്നിരുന്നത്.