/kalakaumudi/media/media_files/2025/10/27/pmshree-2025-10-27-08-35-24.jpg)
തിരുവനന്തപുരം: പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്ത്. സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു. തൊട്ടടുത്ത ദിവസം നേരിട്ട് ചര്‍ച്ച നടത്താമെന്നറിയിച്ചു. കടുത്ത തീരുമാനങ്ങള്‍ സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, പിഎം ശ്രീ വിഷയം ചര്‍ച്ചചെയ്യാനുള്ള നിര്‍ണായക നീക്കത്തിലാണ് സിപിഎം. ഇന്ന് സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരും. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരികെ വന്നതിന് പിന്നാലെയാണിത്. പിഎം ശ്രീയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പിഎം ശ്രീ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നായിരുന്നു എം എ ബേബി പ്രതികരിച്ചത്. സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെയെന്നും എം എ ബേബി പറഞ്ഞിരുന്നു.
സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി രാജ പ്രതികരിച്ചത്. നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നും ഡി രാജ പറഞ്ഞിരുന്നു. എന്‍ഇപി 2020നെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സിപിഐയും സിപിഐഎമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും കേന്ദ്രീയവല്‍ക്കരിക്കുന്നതും എതിര്‍ക്കുന്നവരാണ് തങ്ങള്‍. എന്‍ഇപിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നും ഡി രാജ ചോദിച്ചിരുന്നു.
പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത് കേന്ദ്രത്തില്‍നിന്നും സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാനെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ല. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തില്‍ നടപ്പാക്കില്ല. അതിനെ കുറിച്ച് കൂടുതല്‍ ഉത്കണ്ഠ വേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
