അനുനയ നീക്കവുമായി സിപിഎം; വിദ്യാഭ്യാസ മന്ത്രി സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തി

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം

author-image
Biju
New Update
binoy

തിരുവനന്തപുരം: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തി. സിപിഐ ആസ്ഥാനത്ത് എത്തിയ ശിവന്‍കുട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായാണ് ചര്‍ച്ച നടത്തിയത്. എല്ലാ പ്രശ്‌നങ്ങളും ഉടന്‍ തീരുമെന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. 

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. ഈ സാഹചര്യത്തിലാണ് അനുനയ നീക്കങ്ങള്‍ നടക്കുന്നത്. വിവാദത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്ന് സൂചനയുണ്ട്. 

പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ പറഞ്ഞിരുന്നു. ആരോടും ചര്‍ച്ച ചെയ്യാതെയാണ് ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതെന്നും പിഎം ശ്രീയെക്കുറിച്ച് സിപിഐയും മറ്റു ഘടകക്ഷികളും ഇരുട്ടിലാണെന്നും ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. 

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമായിട്ടുണ്ട്. വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐയിലെ പൊതുവികാരം.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതു കൊണ്ടു തന്നെ സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ല. ഇതിനെ ഒരു നയം മാറ്റം എന്ന നിലയില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.