/kalakaumudi/media/media_files/2025/10/25/binoy-2025-10-25-08-03-16.jpg)
തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ പിഎം ശ്രീ വിവാദത്തില്‍ ഉലഞ്ഞ് എല്‍ഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.
ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തിയെടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. എന്നാല്‍, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. അതേസമയം, വിവാദത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്നാണ് സൂചന.
40 ദിവസം കൂടി കഴിഞ്ഞാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പെത്തും. 6 മാസം കഴിഞ്ഞാല്‍ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പും. മൂന്നാം പിണറായി സര്‍ക്കാരിനായി സിപിഎം സര്‍വ ശക്തിയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തില്‍ ചര്‍ച്ചയുയരുന്നത്.
വിവാദങ്ങള്‍ക്കിടെ നിലപാട് കടുപ്പിക്കുകയാണ് സിപിഐ ദേശീയ നേതൃത്വം. സിപിഎമ്മിനെ നന്ദിഗ്രാം ഓര്‍മ്മിപ്പിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. ബംഗാളില്‍ കണ്ട പ്രവണതകള്‍ കേരളത്തിലെ തുടര്‍ഭരണത്തില്‍ കാണുന്നു എന്ന് ഇന്നലെ ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റ് വിലയിരുത്തി. ബംഗാളിലെ വ്യതിയാനം അന്ന് സിപിഐ ചൂണ്ടിക്കാട്ടിയതാണ്. സിപിഎം നേതൃത്വവുമായുള്ള ചര്‍ച്ചയിലും ഇക്കാര്യം ചൂണ്ടിക്കാട്ടും.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെച്ചതിനെതിരെ സിപിഐ മുഖപത്രം ജനയു?ഗം തുറന്നടിച്ചു. മുന്നണി മര്യാദ ലംഘനമെന്നാണ് ജനയു?ഗം ആവര്‍ത്തിച്ചത്. ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് അജണ്ടയ്ക്ക് ഇടതുപക്ഷം വഴങ്ങരുതെന്നും സിപിഐ മുഖപത്രം ഓര്‍മിപ്പിക്കുന്നു.
ഘടകക്ഷികളെ സിപിഎം ഇരുട്ടില്‍ നിര്‍ത്തിയെന്നാണ് സിപിഐയുടെ പരാതി. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാനാകില്ല, പതിറ്റാണ്ടുകളായുള്ള വര്‍ഗീയ വിരുദ്ധ മുദ്രാവാക്യം ഒറ്റ ദിവസം കൊണ്ട് ഒഴിവാക്കാനാകില്ലെന്നും ഇത് എല്‍ഡിഎഫിന്റെ വഴിയല്ലെന്നും സിപിഐ ചൂണ്ടിക്കാണിക്കുന്നത്. ഏത് സമയത്തും രാജിവയ്ക്കാന്‍ തയ്യാറെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ച് കഴിഞ്ഞു. തിങ്കളാഴ്ച സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരും.
എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് ബിനോയ് വിശ്വം പറയുന്നു. മറുവശത്താകട്ടെ ചര്‍ച്ച ചെയ്യാമെന്നാണ് എംവി ഗോവിന്ദനും ടിപി രാമകൃഷ്ണനും പറയുന്നത്. എല്ലാക്കാലത്തും ഒരേ നയത്തില്‍ നില്‍ക്കാനാകില്ലെന്ന ഉറച്ച നിലപാടാണ് മന്ത്രി വി ശിവന്‍കുട്ടി ഉയര്‍ത്തുന്നത്. എല്‍ഡിഎഫില്‍ എന്തും സംഭവിക്കാമെന്ന പ്രതീതിയാണ് ഉയരുന്നത്. പിഎം ശ്രീ പോലുള്ള ഏറ്റവും പ്രധാന വിഷയത്തില്‍ ആരും ചര്‍ച്ച ചെയ്തില്ലെന്ന മുറിപ്പാടാണ് സിപിഐയ്ക്ക് ഉള്ളത്.
മാധ്യമവാര്‍ത്തകളില്‍ നിന്ന് വിവരം അറിഞ്ഞതിന്റെ നാണക്കേടായി അവര്‍ കരുതുന്നു. ഇനിയുമെന്തിന് എല്‍ഡിഎഫില്‍ കടിച്ചു തൂങ്ങുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ചോദിച്ചു കഴിഞ്ഞു. സിപിഎമ്മിന് സിപിഐയെക്കാള്‍ പ്രിയം ബിജെപിയോടെന്ന വിമര്‍ശനം സിപിഐയുടെ ചങ്കില്‍ കൊള്ളുന്നതാണ്. ചര്‍ച്ച ചെയ്യാമെന്ന് പറയുമ്പോഴും ഒപ്പിട്ടതില്‍ നിന്ന് പിന്മാറാനാകില്ലെന്നാണ് സിപിഎം നിലപാട്. പിന്മാറിയാലേ തീരൂവെന്ന് സിപിഐ നിലപാട്. സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് എല്‍ഡിഎഫില്‍ ഉണ്ടായിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
