ഒടുവില്‍ സിപിഎം വഴങ്ങി; പിഎം ശ്രീ ധാരണാപത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നില്‍ വെക്കാനാണ് സിപിഎമ്മിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണി യോഗവും ഉടന്‍ വിളിക്കും. കരാറിന്റെ ധാരണാപത്രം റദ്ദാക്കാന്‍ കത്ത് നല്‍കും

author-image
Biju
New Update
pmshree

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നില്‍ വെക്കാനാണ് സിപിഎമ്മിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണി യോഗവും ഉടന്‍ വിളിക്കും. കരാറിന്റെ ധാരണാപത്രം റദ്ദാക്കാന്‍ കത്ത് നല്‍കും. ഇക്കാര്യത്തില്‍ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്. 

ഡി രാജയുമായി എംഎ ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഡി രാജയെ ഫോണില്‍ വിളിച്ചത്. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാല്‍ സിപിഐ വഴങ്ങുമെന്നാണ് സൂചന. ഡി രാജയെ എംഎ ബേബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനു നല്‍കാനുദ്ദേശിക്കുന്ന കത്തിന്റെ ഉള്ളടക്കവും അറിയിച്ചു കഴിഞ്ഞു. 

അതേസമയം പിഎം ശ്രീ പദ്ധതിയില്‍ കേരളസര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെഎസ്യു, എംഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് സംയുക്തമായ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. യൂണിവേഴ്‌സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് നേതാക്കള്‍ അറിയിച്ചു. പിഎം ശ്രീക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ എന്ന നിലയിലാണ് സമരം യുഡിഎസ്എഫിന്റെ പേരില്‍ നടത്താന്‍ തീരുമാനിച്ചത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധവും സംഘടിപ്പിക്കും. പിന്നാലെ ഈ മാസം 31 ന് ദേശീയപാത ഉപരോധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.