/kalakaumudi/media/media_files/2025/10/24/murmu-2-2025-10-24-08-12-04.jpg)
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഗതാഗത നിയന്ത്രണം. കൊച്ചി നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യൂ റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് എറണാകുളം ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.
ഇതുവഴി പോകണം
ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്നര്‍ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ തോപ്പുപടി ബിഒടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് വൈറ്റില ജംഗ്ഷനില്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് കടവന്ത്ര ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെകെ. റോഡിലൂടെ കലൂര്‍ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോര്‍ട്ട് ജംഗ്ഷനിലെത്തി കണ്ടെയ്നര്‍ റോഡ് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. ഇതല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജംങ്കാര്‍ സര്‍വ്വീസ് ഉപയോഗിക്കേണ്ടതാണ്.
തേവര ഫെറി ഭാഗത്തു നിന്നും കലൂര്‍ ഇടപ്പള്ളി ഭാഗത്തേയ്ക്ക് വരുന്ന ചെറു വാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡിലൂടെ മട്ടമ്മല്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗര്‍ വഴി മനോരമ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കെകെ റോഡിലൂടെ കലൂര്‍ ജംഗഷനിലെത്തി യാത്ര തുടരണം
വൈപ്പിന്‍ ഭാഗത്തുനിന്നും ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് കലൂര്‍ ജംഗ്ഷനിലെത്തി കെകെ റോഡിലൂടെ കടവന്ത്ര ജംഗ്ഷനിലെത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് സഹോദരന്‍ അയ്യപ്പന്‍ റോഡിലൂടെ വൈറ്റിലയില്‍ എത്തി കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നും കുണ്ടന്നൂര്‍ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകണം. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജംങ്കാര്‍ സര്‍വ്വീസ് ഉപയോഗിക്കേണ്ടതാണ്.
പാര്‍ക്കിംങ് നിയന്ത്രണം
രാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നു പോകുന്ന വഴിയില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ന് കൊച്ചി സിറ്റി പരിധിയില്‍ സമ്പൂര്‍ണ ഡ്രോണ്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പൊലീസ് അറിയിച്ചു.
രാഷ്ട്രപതി ഇന്ന് മടങ്ങും
വ്യാഴാഴ്ച കോട്ടയത്തെ പരിപാടിയ്ക്ക് ശേഷം രാത്രി കുമരകം താജ് റിസോര്‍ട്ടിലാണ് രാഷ്ട്രപതി തങ്ങിയത്. രാവിലെ കുമരകത്ത് ബോട്ടിംങിന് ശേഷമാണ് രാഷ്ട്രപതി കൊച്ചിയില്‍ എത്തുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തുന്നത.
തുടര്‍ന്ന് ബോള്‍ഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനുശേഷം ഉച്ചയ്ക്ക് 1:20 ന് കൊച്ചി നെവല്‍ ബേസില്‍ നിന്നും ഹെലികോപ്റ്ററില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടും. ഇവിടെ നിന്നും വൈകിട്ട് 4.05ന് ഡല്‍ഹിയിലേക്ക് തിരിക്കും. നാലുദിവത്തിനെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
