കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത് കടുത്ത സമ്മര്‍ദത്തിനൊടുവില്‍

നവംബര്‍ 27ന് ലഭിച്ച പരാതി ഡിസംബര്‍ 2നാണ് കന്റോണ്‍മെന്റ് പൊലീസിനു കൈമാറിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി ലഭിച്ച ദിവസം തന്നെ എഡിജിപിയെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുപ്പിച്ചിരുന്നു

author-image
Biju
New Update
kunju

തിരുവനന്തപുരം: ഇടതു സഹയാത്രികനും മുന്‍ എംഎല്‍എയുമായ സിനിമാസംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന സംവിധായികയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ചിട്ടും ദിവസങ്ങള്‍ കഴിഞ്ഞാണു പൊലീസിനു കൈമാറിയതെന്ന് ആക്ഷേപം. 

നവംബര്‍ 27ന് ലഭിച്ച പരാതി ഡിസംബര്‍ 2നാണ് കന്റോണ്‍മെന്റ് പൊലീസിനു കൈമാറിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി ലഭിച്ച ദിവസം തന്നെ എഡിജിപിയെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുപ്പിച്ചിരുന്നു. എന്നാല്‍ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തത് ഡിസംബര്‍ എട്ടിനാണ്. 

മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി കൊടുത്ത സംവിധായിക പെട്ടെന്നു നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാതെ വന്നതോടെ വീണ്ടും സമ്മര്‍ദം ചെലുത്തിയിരുന്നു. വിവരം പുറത്തറിയുമെന്ന ഘട്ടം വന്നതോടെയാണ് 12 ദിവസത്തിനു ശേഷം പൊലീസ് കേസെടുത്തത്. ബിഎന്‍എസ് 74, 75(1) വകുപ്പുകള്‍ പ്രകാരമാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നു പൊലീസ് പറഞ്ഞു. 

സംവിധായികയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അടുത്തു തന്നെ കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യും. സംവിധായികയുടെ മൊഴിയെടുക്കുകയും കുറ്റകൃത്യം നടന്നതായി പറയുന്ന ഹോട്ടലിലെ സിസിടിവി തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത പൊലീസ് കേസെടുക്കാന്‍ എന്തുകൊണ്ട് വൈകി എന്നതിന്റെ കാരണം വ്യക്തമല്ല. തിരുവനന്തപുരത്ത് ഈയാഴ്ച തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ യോഗത്തിനു തലസ്ഥാനത്തെ ഹോട്ടലില്‍ എത്തിയപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നാണു പരാതി.