/kalakaumudi/media/media_files/2025/12/09/vadakku-2025-12-09-21-14-43.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് വടക്കന്‍ കേരളത്തില്‍ ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം. രണ്ടാംഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴുജില്ലകള്‍ വ്യാഴാഴ്ച വിധിയെഴുതും. പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെ കെട്ടിക്കലാശത്തില്‍ പങ്കെടുത്തു. ബുധനാഴ്ച നിശബ്ദപ്രചാരണമാണ്.
കണ്ണൂര്‍ ജില്ലയില്‍ 14, കാസര്‍കോട് ഒന്ന് എന്നിങ്ങനെ 15 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലാണ് എല്‍ഡിഎഫ്. വികസനവും ക്ഷേമവും തന്നെയാണ് എല്‍ഡിഎഫിന്റെ പ്രചാരണവിഷയം. യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടും തുറന്നുകാട്ടുന്നു. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്റെ കൂട്ടുകെട്ട് പരക്കെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
470 പഞ്ചായത്തിലെ 9027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തിരഞ്ഞെടുപ്പ്. മലപ്പുറത്ത് മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. കണ്ണൂരിലെ മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ കാലാവധി 2027 സെപ്തംബര്‍ 10വരെയായതിനാല്‍ അവിടെ തിരഞ്ഞെടുപ്പില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
