നടുറോഡിലൊരു ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് സര്‍ജറി ചെയ്ത് ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഉദയംപേരൂര്‍ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് അടിയന്തര ചികിത്സ നല്‍കിയത്

author-image
Biju
New Update
doctor

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന് നടുറോഡില്‍ എമര്‍ജന്‍സി സര്‍ജറി ചെയ്ത് വഴിയാത്രക്കാരായ ഡോക്ടര്‍മാര്‍ രക്ഷകരായത് വാര്‍ത്തകളില്‍ നിറയുമ്പോള്‍, അതെങ്ങനെ സാധിച്ചുവെന്ന കൗതുകമാണ് പലര്‍ക്കും. പത്തുപതിനഞ്ച് മൊബൈല്‍ ലൈറ്റുകളുടെ വെളിച്ചത്തില്‍ തിരക്കേറിയ റോഡിന്റെ ഓരത്ത് നടത്തിയ ഓപ്പറേഷന്‍ ജീവിതത്തിലെ വലിയൊരു അനുഭവമായെന്ന് പറയുകയാണ് ഡോക്ടര്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഡോ തോമസ് പീറ്റര്‍.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഉദയംപേരൂര്‍ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് അടിയന്തര ചികിത്സ നല്‍കിയത്. സാധാരണയായി ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളില്‍ ചെയ്യുന്ന സര്‍ജറി ആണ് റോഡരികില്‍ ചെയ്തത്. എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ തോമസ് പീറ്റര്‍, ഭാര്യ ഡോ ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് സര്‍ജന്‍ ഡോ മനൂപ് എന്നിവരാണ് ജീവന്‍ രക്ഷിക്കാന്‍ കാരണക്കാരായത്.

അപകടത്തില്‍ യുവാവിന്റെ മൂക്കും പല്ലും തകര്‍ന്നിരുന്നു. ഇവിടെ നിന്നുള്ള രക്തമിറങ്ങി കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ശ്വാസം എടുക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അപ്പോഴേക്ക് അബോധാവസ്ഥയില്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയിലാണ് കൈയില്‍ കിട്ടിയ റേസര്‍ ബ്ലേഡ് ഉപയോഗിച്ച് ശ്വാസനാളം തുറന്നത്. തുടര്‍ന്ന് സ്‌ട്രോ ഇറക്കി അതിലൂടെ ശ്വാസം നല്‍കി. പിന്നീട് യുവാവിനെ വൈറ്റിലയിലെ വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഭാര്യ ഡോ ദിദിയയോടൊപ്പം രാത്രി പോകുമ്പോഴാണ് അപകടം കണ്ടതെന്ന് ഡോ തോമസ് പീറ്റര്‍ പറഞ്ഞു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമായിരുന്നില്ല. മറ്റൊരാള്‍ക്ക് തലയിലായിരുന്നു പരിക്ക്. പക്ഷെ സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മൂന്നാമത്തെ ആള്‍ക്ക് അതീവ ഗുരുതരമായിരുന്നു. അയാളുടെ കഴുത്തു മറ്റൊരാള്‍ പിടിച്ചിരുന്നു. പിടിച്ച രീതി കണ്ടപ്പോള്‍ ഒരു മെഡിക്കല്‍ പ്രഫഷണല്‍ ആണെന്ന് മനസിലായി. ചോദിച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് സര്‍ജന്‍ ആണെന്ന് പറഞ്ഞു.

ഗുരുതരാവസ്ഥ കണ്ടാണ് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചത്. ഡോക്ടര്‍മാര്‍ മാത്രമല്ല അവിടെ കൂടിയിരുന്ന ആളുകളും പോലീസും ഉള്‍പ്പടെ എല്ലാവരും കൈകോര്‍ത്തത് കൊണ്ടാണ് ആ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ''സാഹചര്യം മനസിലാക്കി ആളുകള്‍ എത്തിച്ചുതന്ന ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് സര്‍ജറിക്ക് ചെയ്യേണ്ടിവന്നത് ജീവിതത്തിലെ വല്ലാത്തൊരു അനുഭവമായി. ഒരു ഡിഗ്രിക്കും അവാര്‍ഡിനും നല്‍കാന്‍ കഴിയാത്ത എക്‌സ്പീരിയന്‍സ് ആയിരുന്നു അത്''; ഡോ തോമസ് പീറ്റര്‍ വിശദീകരിച്ചു.