ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ടു

കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തി മുരാരി ബാബുവിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

author-image
Biju
New Update
murari

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ആവശ്യപ്രകാരം ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാലു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തി മുരാരി ബാബുവിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കോടതിയില്‍ നിന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. മുരാരി ബാബുവിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഒരുമിച്ച് തെളിവെടുപ്പിന് കൊണ്ടുപോകുമെന്നും സൂചനയുണ്ട്. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. 

മുപ്പതാം തീയതി വരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി. മുരാരി ബാബുവിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചനയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. തെളിവെടുപ്പിനു ശേഷം, കണ്ടെത്തിയ സ്വര്‍ണം അടക്കം അന്വേഷണപുരോഗതി റിപ്പോര്‍ട്ടും ഉടന്‍ കോടതിയില്‍ ഹാജരാക്കും. 

ഗൂഢാലോചനയിലേക്കുള്ള അന്വേഷണത്തിന്റെ ഭാഗമായി 2019 ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമോ എന്ന കാര്യവും ഉടന്‍ തീരുമാനിക്കും.