ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് അംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

2019- 2025 കാലത്തെ ബോര്‍ഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും

author-image
Biju
New Update
sab

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോര്‍ഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും. തെളിവ് ശക്തമായാല്‍ ചോദ്യംചെയ്യലിലേക്ക് കടക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല മറയാക്കി നടത്തിയ തട്ടിപ്പുകളുടെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. തന്ത്രി കുടുംബത്തെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയതെന്ന് എസ്.ഐ.ടി അന്വേഷണത്തില്‍ വ്യക്തമായി. ശബരിമലയില്‍ കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കുകയായിരുന്നു പോറ്റി. ഈ പരിചയം ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ ധനികരുമായി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്തായിരുന്നു. 

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്നായിരുന്നു ഇതര സംസ്ഥാനങ്ങളിലുളളവര്‍ ധരിച്ചിരുന്നത്. എന്നാല്‍ ഇത് മറയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് എസ്‌ഐടിയ്ക്ക് ലഭിച്ച തെളിവ്.പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇതടക്കമുള്ള കാര്യങ്ങള്‍ റാന്നി കോടതിയില്‍ അന്വേഷണസംഘം അറിയിക്കും.കസ്റ്റഡി കാലാവധി വീണ്ടും നീട്ടി നല്‍കാനും സംഘം ആവശ്യപ്പെട്ടേക്കും.

അതേസമയം, ശബരിമല കട്ടിളപ്പാളികള്‍ കൈമാറിയ കേസില്‍ രണ്ടാം പ്രതിയും,ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി കേസില്‍ ആറാം പ്രതിയുമായ മുരാരി ബാബുവിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ലഭിച്ചത്. പിന്നാലെ തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു മുരാരി ബാബുവിനെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തു വരികയാണ്.സ്വര്‍ണക്കൊള്ളയില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.ഇരുവരുടെയും ആസ്തി വിവരങ്ങളുടെ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.ഇക്കാര്യത്തിലും വ്യക്തത തേടും.

സംസ്ഥാനത്തിന് പുറത്തു നിന്നും തെളിവെടുപ്പിടിനിടെ കണ്ടെടുത്ത സ്വര്‍ണം റാന്നി കോടതിയില്‍ ഹാജരാക്കിയിരുന്നു. ആകെ 608 ഗ്രാം സ്വര്‍ണമാണ് ഹാജരാക്കിയത്. ബെല്ലാരിയിലെ വ്യവസായി ഗോവര്‍ദ്ധന്റെ പക്കല്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം സ്വര്‍ണപ്പാളികളിലെ ആണെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന ഉടന്‍ നടത്തും. സ്മാര്‍ട്ട് ക്രിയേഷന്‍സിനെ കേന്ദ്രീകരിച്ചും എസ്ഐടി കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.