തിരുവനന്തപുരം: പുരാവസ്തുക്കള്‍ കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയില്‍ ശതകോടികള്‍ക്കു വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണമോഷണക്കേസുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല നല്‍കിയ കത്തിനെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് പ്രത്യേക സംഘം.
ചെന്നിത്തലയില്‍ നിന്നും അദ്ദേഹത്തിന് വിവരം നല്‍കിയ ആളില്‍ നിന്നും എസ്‌ഐടി ഉടന്‍ മൊഴിയെടുക്കുമെന്നാണ് വിവരം. പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് ചെന്നിത്തല കത്തു നല്‍കിയത്. ഇത് പ്രത്യേക അന്വേ,ണ സംഘത്തിന് കൈമാറി.
വലിയ കൊള്ള ദേവസ്വം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നുവെന്ന് ചെന്നിത്തല പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
കേസില്‍ രജിസ്റ്റര്‍ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പും മൊഴികളും കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി അപേക്ഷ നല്‍കിയത്. ഡിസംബര്‍ പത്താംതീയതി കോടതി അപേക്ഷ പരിഗണിക്കും. ഇഡിയുടെ അപേക്ഷ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇഡി വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ഇത് കൊല്ലം വിജിലന്‍സ് കോടതിയിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ഇഡി അന്വേഷണത്തെ സര്‍ക്കാര്‍ പൂര്‍ണായും എതിര്‍ത്തു. ഈ എതിര്‍പ്പ് രേഖാമൂലം അറിയിക്കാന്‍ സമയം വേണ്ടതുണ്ട്. അതുകൊണ്ടാണ് തുടര്‍ നടപടികള്‍ക്കായി പത്താം തീയതിയിലേക്ക് മാറ്റിവെച്ചിട്ടുള്ളത്. എഫ്‌ഐആറും മറ്റ് രേഖകളും ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ ആണ് ആദ്യം സമീപിച്ചത്. തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയെ, സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. പത്താം തീയതി സര്‍ക്കാരിന്റെ എതിര്‍പ്പ് രേഖാമൂലം അറിയിക്കും. ഇതിനിടെയാണ് രമേശ് ചെന്നിത്തലയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ഇത് കേസിന് പുതിയ മാനവും നല്‍കും.
ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും ചെന്നിത്തല നല്‍കിയ കത്തില്‍ പറയുന്നു. ശബരിമലക്കേസിന്റെ ഈ കാണാപ്പുറത്തുള്ള അന്താരാഷ്ട്ര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
ഈ കത്താണ് എഡിജിപിയില്‍ നിന്നും അന്വേഷണ സംഘത്തിന് കിട്ടിയത്. ഇതോടെ തന്നെ കത്തിലെ പരിശോധനകളിലേക്ക് സംഘം കടന്നു. ശബരിമല സ്വര്‍ണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഈ കേസിലെ സഹപ്രതികള്‍ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ ആയിട്ടില്ലെന്നാണ് ചെന്നിത്തല വിശദീകരിക്കുന്നത്.
ഇത്തരം പൗരാണിക സാധനങ്ങള്‍, ദിവ്യവസ്തുക്കള്‍ ഒക്കെ മോഷ്ടിച്ചു കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയില്‍ എത്തിക്കുന്നവരെക്കുറിച്ചു നേരിട്ടുള്ള അറിവുള്ള ഒരാളില്‍ നിന്നു ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു. അദ്ദേഹത്തില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏതാണ്ട് 500 കോടിക്കടുത്തുള്ള ഒരു ഇടപാടാണ് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്.
ഈ വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താന്‍ പരിശോധിക്കുകയും അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ടെന്നു മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിവരം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറുന്നത്. ഈ വ്യക്തി വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. എന്നാല്‍ പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. കോടതിയില്‍ മൊഴി നല്‍കാനും തയ്യാറാണ് - രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.
പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്ത ആഭരണവ്യാപാരി ഗോവര്‍ധന്‍ വെറും ഇടനിലക്കാരന്‍ മാത്രമാണ്. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസുമുള്ളവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുകൊണ്ട് പൗരാണിക വസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയ്ക്കു നേതൃത്വം നല്‍കിയിരുന്ന സുഭാഷ് കപൂര്‍ സംഘത്തിന്റെ രീതികളുമായി ശബരിമല സ്വര്‍ണമോഷണ സംഘത്തിന്റെ രീതികള്‍ക്കു സാമ്യമുണ്ട് എന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണണ്ട ഒന്നാണ്.
സംസ്ഥാനത്തിനകത്തു തന്നെ ചില വ്യവസായികളും ചില സംഘടിത റാക്കറ്റുകളും ഇതിന്റെ ഭാഗമാണ് എന്ന വിവരവും തനിക്കു ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. പ്രത്യേകാന്വേഷണ സംഘം വ്യാപകമായ അന്വേഷണം നടത്തിയിട്ടും ശബരിമലയില്‍ നിന്നു നഷ്ടപ്പെട്ട സാധനസാമഗ്രികള്‍ ഇതുവരെ കണ്ടെത്താനായില്ല എന്നത് ഈ വിഷയത്തിലെ രാജ്യാന്തര ബന്ധങ്ങളെ സൂചിപ്പിക്കുന്നുവെന്നും ചെന്നിത്തല പറയുന്നു.
സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് അന്തര്‍ദേശീയ കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറുമായി ബന്ധമുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. വിവരം നല്‍കിയ വ്യക്തിയുടെ കൈയില്‍ തെളിവുകളുണ്ട്. ഇദ്ദേഹം രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്. എസ്‌ഐടി ചോദിച്ചാല്‍ ഇദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കും. എസ്‌ഐടി അന്വേഷണം ആ രീതിയില്‍ പോയാല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാവുമെന്നും ചെന്നിത്തല പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
