/kalakaumudi/media/media_files/2025/10/28/sabpp-2025-10-28-08-38-49.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ കവര്‍ച്ചയില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് എസ്‌ഐടി. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇനി സാവകാശം നല്‍കാനാകില്ലെന്നും എസ്‌ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
1999 ല്‍ വിജയ് മല്യ സ്വര്‍ണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു. ശബരിമലയിലെ മരാമത്ത് രേഖകള്‍ ഉള്‍പ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി സാവകാശം നല്‍കാന്‍ ആകില്ലെന്നും എസ്‌ഐടി മുന്നറിയിപ്പ് നല്‍കി.
അതേസമയം, ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. എസ്‌ഐടി കസ്റ്റഡി അപേക്ഷ നല്‍കും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരിയെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ കേസിലെ ഗൂഢാലോചന അടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി 30ന് തീരും.
പഴയ കൊടിമരത്തിലെ വാജി വാഹനം തിരിച്ച് എടുക്കണമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും പരിഗണിച്ചില്ല. എക്‌സിക്യൂട്ടീവ് ഓഫീസര്‍ തീരുമാനം ബോര്‍ഡിന് വിട്ടു. നിലവിലെ സാഹചര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ ആകില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.
നാളത്തെ ദേവസ്വം ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. തന്റെ പക്കല്‍ ഉള്ള ശബരിമല പഴയ കൊടിമരത്തിലെ വാജി വാഹനം തിരികെ വാങ്ങണമെന്നായിരുന്നു തന്ത്രി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്തും നല്‍കിയിരുന്നു 2017 ല്‍ പുതിയ കൊടിമരം സ്ഥാപിച്ചപ്പോള്‍ ആചാരപ്രകാരം പഴയ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയിരുന്നുയ അതില്‍ പലവിധ ആരോപണങ്ങള്‍ ഉന്നയിച്ച് രാജീവരുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
