ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം;അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക

ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടർന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്.കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്  

author-image
Devina
New Update
kathri

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തി. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാൽ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടർന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്.

 കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്. സംഭവത്തിൽ പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.വേദന കാരണം വീണ്ടും മെഡിക്കൽ കോളജിൽ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചതായും ഇവർ പറയുന്നു സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്.

വയറ്റിൽ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. എന്നാൽ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാൻ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്.

തൊഴിലുറപ്പ് തൊഴിലാളിയായ ഉഷഅഞ്ച് വർഷമായി ജോലി ചെയ്യാൻ പോലും കഴിയാതെ വേദന അനുഭവിക്കുകയാണ് .ലളിതാംബിക എന്ന ഡോക്ടറാണ് ഓപ്പറേഷൻ നടത്തിയത്. വിഷയം ആശുപത്രിയെ അറിയിച്ചപ്പോൾ നാസർ എന്ന ഡോക്ടർ എല്ലാം ഒതുക്കിത്തീർക്കാം എന്ന് പറഞ്ഞതായും ആരോപണം ഉണ്ട്.