/kalakaumudi/media/media_files/2026/02/20/alp-2-2026-02-20-15-30-01.jpg)
ആലപ്പുഴ:ഗവ. ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2021ല്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റില്‍ കുടുങ്ങിയത് കത്രികയല്ല, മസ്‌കിറ്റോ എന്നുള്ള ചെറിയ ഉപകരണമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ലളിതാംബിക. ഉപകരണം അകത്തുപോയി 50 വര്‍ഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല. വീട്ടമ്മ മുന്‍പും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അപ്പോള്‍ ഉപകരണം അകത്തുപോയതാകാം. ശസ്ത്രക്രിയ ചെയ്തതു താനല്ലെന്നും വകുപ്പു മേധാവിയായതിനാലാണ് തന്റെ പേര് പറയുന്നതെന്നും ലളിതാംബിക മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം തൊഴിലിനോടുള്ള അനാദരവാണ് ലളിതാംബികയുടെ പ്രതികരണത്തിലുള്ളതെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഹരികുമാര്‍ അറിയിച്ചു.
ഉത്തരവാദികള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകണം : സണ്ണി ജോസഫ്ആരോഗ്യ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാര്‍ പറയുന്ന ന്യായങ്ങള്‍ ആര്‍ക്കും ബോധ്യപ്പെടുന്നതല്ല. ഓരോ ദിവസം കഴിയുന്തോറും അവകാശ വാദങ്ങള്‍ തകര്‍ന്നു തരിപ്പണമാകുകയാണ്. കത്രിക നീക്കം ചെയ്യാന്‍ ആലപ്പുഴയിലെ മെഡിക്കല്‍ കോളജിനെ സമീപിക്കാന്‍ പേടിയായതുകൊണ്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉഷ ചികിത്സ തേടിയത്. അവരുടെ കഷ്ട നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. അവരെ വേദനിപ്പിക്കുന്നതിനും പീഡിപ്പിക്കുന്നതിനും പകരം ഉത്തരവാദികള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകണം.
ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുംശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷ ജോസഫ് എന്ന വീട്ടമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉഷയുടെ മകന്‍ ഷിബിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. ഉഷയുടെ ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയില്‍ നാളെ നടക്കും.
ആരോഗ്യവകുപ്പിലെ അവസ്ഥ ദയനീയം: കെ.മുരളീധരന്‍ആരോഗ്യവകുപ്പ് വെന്റിലേറ്ററില്‍ ആണോ മോര്‍ച്ചറിയിലാണോ എന്നാണ് സംശയമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന് അറിഞ്ഞിട്ടും പുറത്തുപറയരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അഞ്ചു വര്‍ഷമായി അവര്‍ വേദന സഹിച്ചു. കുട്ടിയെയോ ഗര്‍ഭപാത്രത്തിനെയോ പുറത്തെടുത്താല്‍ വയറ്റിലേക്ക് ഒരു കത്രിക ഫ്രീ എന്നുള്ള അവസ്ഥയാണ് ഇപ്പോള്‍. ആരോഗ്യവകുപ്പിലെ അവസ്ഥ ദയനീയമാണ്. മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. വലിയ ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. അപ്പോഴാണ്, കേരളത്തിലെ ആരോഗ്യരംഗം അമേരിക്കയെ കടത്തി വെട്ടിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി അബുദാബിയില്‍ പോയി പറയുന്നത്. ആശുപത്രികളില്‍ സാധാരണക്കാരായിട്ടുള്ള രോഗികള്‍ ചെല്ലാന്‍ ഭയപ്പെടുന്ന അവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങികൊണ്ടിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
