കടുംവെട്ടിന് സമ്മതിക്കില്ല; ഹാല്‍ കാണാന്‍ ഹൈക്കോടതി

ഹര്‍ജിക്കാരുടെയും എതിര്‍ കക്ഷികളുടെയും അഭിഭാഷകരും ജസ്റ്റിസ് അരുണിനൊപ്പം സിനിമ കാണും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.

author-image
Biju
New Update
haal

കൊച്ചി: ഇരുപതോളം മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കില്ലെന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മലയാളം സിനിമ 'ഹാല്‍' ഹൈക്കോടതി ശനിയാഴ്ച കാണും. പടമുഗളിലുള്ള സ്വകാര്യ സ്റ്റുഡിയോയില്‍ വൈകിട്ട് എഴു മണിക്ക് സിനിമ കാണാനാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ തീരുമാനം. 

ഹര്‍ജിക്കാരുടെയും എതിര്‍ കക്ഷികളുടെയും അഭിഭാഷകരും ജസ്റ്റിസ് അരുണിനൊപ്പം സിനിമ കാണും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഷെയ്ന്‍ നിഗം നായകനായ ബിഗ് ബജറ്റ് സിനിമയില്‍നിന്ന് 20ഓളം ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. തുടര്‍ന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന്‍ മുഹമ്മദ് റഫീക് (വീര) എന്നിവരാണു സിനിമ കാണണമെന്ന ആവശ്യവും മുന്നോട്ടുവച്ചത്. തുടര്‍ന്ന് ഈ ആവശ്യം ജസ്റ്റിസ് അരുണ്‍ അംഗീകരിക്കുകയായിരുന്നു. ചലച്ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന 'ധ്വജപ്രണാമം', 'സംഘം കാവലുണ്ട്', 'ആഭ്യന്തര ശത്രുക്കള്‍', 'ഗണപതിവട്ടം' അടക്കമുള്ള പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നും ചിത്രത്തില്‍നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളില്‍ ചിലത്. മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞാല്‍ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അക്രമദൃശ്യങ്ങളോ നഗ്‌നത പ്രദര്‍ശിപ്പിക്കലോ ഒന്നുമില്ലെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. 

നേരത്തേ കത്തോലിക്ക കോണ്‍ഗ്രസിനെയും കേസില്‍ കക്ഷി ചേരാന്‍ കോടതി അനുവദിച്ചിരുന്നു. സിനിമയുടെ  ഉള്ളടക്കം മതസൗഹാര്‍ദത്തിനു ഭീഷണിയാണെന്നും ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് കേസില്‍ കക്ഷി ചേരുന്നതിനു കാരണമായി പറഞ്ഞിരുന്നത്. ജെ.എസ്.കെ സിനിമയ്ക്കു പിന്നാലെയാണ് ഹാല്‍ സിനിമയും സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. ജെ.എസ്.കെ കേസ് പരിഗണിച്ചപ്പോഴും കോടതി ചിത്രം കണ്ടിരുന്നു.