/kalakaumudi/media/media_files/2025/12/24/umar-faizi-2025-12-24-08-05-03.jpg)
മലപ്പുറം: സമസ്തയില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുതെന്ന് മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ആര്‍ക്കൊക്കെ പദവി നല്‍കണം, ആരയൊക്കെ ചേര്‍ക്കണം എന്നൊന്നും രാഷ്ടീയക്കാര്‍ സമസ്ത നേതൃത്വത്തോട് പറയരുത്. അതൊക്കെ തീരുമാനിക്കാന്‍ യോഗ്യരായ നേതൃത്വം സമസ്തക്കുണ്ടെന്നും ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി. സമസ്ത ജാഥയില്‍ മലപ്പുറം തിരൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയില്‍ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂര്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും പറഞ്ഞു. രാഷ്ട്രീയക്കാര്‍ സമസ്തയുടെ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന നിലപാട് തികച്ചും ശരിയാണെന്നും എംഎല്‍എ ജാഥയില്‍ വ്യക്തമാക്കി.
പുത്തരിക്കണ്ടം മൈതാനത്ത് സമസ്ത ശതാബ്ദി സന്ദേശ യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തിരുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരെ നെഞ്ച് വിരിച്ച നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി പരിപാടിയില്‍ പിണറായി വിജയന്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് തല ഉയര്‍ത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് പിണറായി പറഞ്ഞു. ഇടത് സര്‍ക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നല്‍കിയത്. മലപ്പുറം രൂപീകരിക്കുമ്പോള്‍ ഇടത് സര്‍ക്കാര്‍ നേരിട്ട വിമര്‍ശനങ്ങള്‍ അറിയാമല്ലോ. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടു. അത് ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വച്ചു അളക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുന്നതിനും സംസ്ഥാന സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ട്. ഇനിയും തയ്യാറാകും എന്ന ഉറപ്പാണ് നല്‍കുന്നത്. നമ്മുടെ നാടിന്റെ മതനിരപേക്ഷത സൂക്ഷിക്കാന്‍ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. വര്‍ഗീയത തലയുയര്‍ത്തുമ്പോഴെല്ലാം ഇടതുപക്ഷം ശക്തമായി നിലകൊണ്ടു. മലബാര്‍ കലാപത്തിന് ശേഷം മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന വിലക്ക് നീക്കിയത് ഇഎംഎസ് സര്‍ക്കാരാണ്. മലബാര്‍ മേഖലയില്‍ കൂടുതല്‍ സ്‌കൂളുകള്‍ നിര്‍മ്മിച്ചത് 1957 ലെ സര്‍ക്കാരാണ്. മലപ്പുറം ജില്ല രൂപീകരിച്ചതും ആ സര്‍ക്കാരാണ്.
ഇതെല്ലാം ന്യൂനപക്ഷങ്ങളെ എല്ലാകാലത്തും ചേര്‍ത്തു പിടിച്ചിട്ടുണ്ടെന്നതിന് തെളിവാണ്. ന്യൂനപക്ഷ സംരക്ഷണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നോക്കിയാല്‍ വ്യക്തമാകും. നാടിന്റെ പുരോഗതിക്കും സമാധാനത്തിനും അനുകൂലമായി ചിന്തിക്കുന്നവര്‍ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കണം. ന്യൂനപക്ഷങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നാട്ടിലുണ്ട്. അത് തിരിച്ചറിയാന്‍ ആകണം. നാടിന്റെ ഐക്യവും സമാധാനവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന ഉറച്ച സന്ദേശം ഈ യാത്രയില്‍ പ്രചരിപ്പിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
