/kalakaumudi/media/media_files/2025/11/02/vaish-2025-11-02-16-41-04.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനുള്ള പട്ടികയില്‍ വൈഷ്ണ സുരേഷും. 24 വയസ്സുകാരിയായ വൈഷ്ണ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാര്‍ഡില്‍ നിന്നാകും മത്സരിക്കുക. ടെക്ക്‌നോപാര്‍ക്ക് ജീവനക്കാരിയായ വൈഷ്ണ പേരൂര്‍ക്കട ലോ കോളജിലെ നിയമ വിദ്യാര്‍ഥിനി കൂടിയാണ്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയ ശേഷം വിവിധ ടിവി ചാനലുകളിലും നഗരത്തിലെ പ്രധാന ഷോകളിലും അവതാരകയായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ സമരങ്ങളിലും സജീവ സാന്നിധ്യമാണ്.
തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കെഎസ്യു വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ബാസ്‌കറ്റ് ബോളില്‍ കഴിവു തെളിയിച്ച വൈഷ്ണ കര്‍ണാടക സംഗീതജ്ഞയുമാണ്. സുരേഷ് കുമാര്‍, ലെളി സുരേഷ് എന്നിവരാണ് മാതാപിതാക്കള്‍. ഇന്ന് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ വാര്‍ഡുകളില്‍ സജീവമാകാനാണ് വൈഷ്ണ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം.
ആക്കുളം വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ ആക്കുളം സുരേഷിന്റെ ഭാര്യ രമാ സുരേഷാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഉള്ളൂര്‍ ജോണ്‍സണ്‍ ജോസഫ്, കഴക്കൂട്ടം എം.എസ്. അനില്‍കുമാര്‍, പൗഡിക്കോണം ഗാന്ധി സുരേഷ്, ചേങ്കോട്ടുക്കോണം വി.ഐ. സരിത, മണ്ണന്തല വനജ രാജേന്ദ്ര ബാബു, ഗൗരീശപട്ടം സുമ, പേട്ട അനില്‍കുമാര്‍, നാലാഞ്ചിറ ത്യേസ്യാമ്മ പീറ്റര്‍, മണക്കാട് ലേഖ സുകുമാരന്‍, കുടപ്പനക്കുന്ന് അനിത എന്നിവര്‍ സ്ഥാനാര്‍ഥികളാകും. പാളയം വാര്‍ഡില്‍ തിരുവനന്തപുരം മുന്‍ എംപി എ. ചാള്‍സിന്റെ മരുമകള്‍ ഷേര്‍ളിയാകും മത്സരിക്കുക. തൈയ്ക്കാട് വാര്‍ഡില്‍ സിഎംപി ജില്ലാ സെക്രട്ടറി എം.ആര്‍. മനോജാകും സ്ഥാനാര്‍ഥി. സിഎംപിയുടെ മറ്റൊരു വാര്‍ഡായ ഇടവക്കോട് വി.ആര്‍. സിനിയാകും മത്സരിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
