വന്ദേഭാരതില്‍ ആര്‍എസ്എസ് ഗാനം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

author-image
Biju
New Update
vande

തിരുവനന്തപുരം: എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ കുട്ടികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വളരെ ഗൗരവമേറിയ കാര്യമാണിതെന്നും ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വര്‍ഗീയ അജണ്ടകള്‍ക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമൊന്നും കണക്കിലെടുക്കേണ്ടതില്ല. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി പാടിയതാണ്. അവര്‍ക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കുട്ടികള്‍ ഗണഗീതം പാടിയതില്‍ തെറ്റില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും വ്യക്തമാക്കി. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ഹിന്ദു എന്ന വാക്കു പോലും പറയുന്നില്ല. മറ്റുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണ് ഈ വിവാദത്തിന് പിന്നിലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നേരത്തെ സംഭവത്തില്‍ റെയില്‍വേയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. കാവിവത്കരണത്തിനുള്ള ശ്രമമാണ് ഇതിനുപിന്നെല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. 

എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വന്ദേഭാരതിന്റെ കന്നി യാത്രയില്‍ ആര്‍എസ്എസ് ഗാനം ആലപിച്ചത്. ദേശഭക്തിഗാനം എന്ന അടിക്കുറിപ്പോടെ ദക്ഷിണ റെയില്‍വേ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.

സര്‍ക്കാര്‍ പരിപാടികളെ ആര്‍എസ്എസ്വത്ക്കരിക്കുന്നു എന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനം നേരിട്ടതോടെ വീഡിയോ നീക്കം ചെയ്യുകയായിരുന്നു. അതേസമയം സ്‌കൂളില്‍ ആലപിക്കാറുള്ള ഗാനമാണിതെന്ന് കുട്ടികളും സ്‌കൂള്‍ അധികൃതരം വ്യക്തമാക്കിയതോടെ വീഡിയോ വീണ്ടും റീപോസ്റ്റ് ചെയ്തു. പാട്ടിന്റെ ഇംഗ്ലീഷ് പരിഭാഷയും പോസ്റ്റ് ചെയ്തു.