/kalakaumudi/media/media_files/2025/10/29/vd-2025-10-29-19-55-31.jpg)
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടപ്പാക്കുന്ന സംസ്ഥാന വ്യാപക ഇന്റന്‍സീവ് റിവിഷന്‍ (SIR) തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ SIR നടപ്പാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് SIR നടപ്പാക്കരുതെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് അംഗീകരിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. ഇത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതില്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏതെങ്കിലും താല്‍പ്പര്യക്കാരെ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ല തങ്ങളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറക്കരുത്. നീതിയുക്തവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി തന്ത്രമാണിതെന്ന സംശയം ന്യായീകരിക്കാവുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'23 വര്‍ഷമായി വോട്ട് ചെയ്യുന്നവരുടെ പേരുകള്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന മാന്ത്രിക വിദ്യയാണ് SIR വഴി രാജ്യത്ത് നടപ്പാക്കുന്നത്. ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്താശ ചെയ്യുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.' വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമില്ലെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പിച്ചു പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന നേതാക്കളുടെ ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം.
കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി എന്നിവര്‍ക്കൊപ്പം കേരളത്തിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. തിരുവനന്തപുരം എം.പി. ശശി തരൂര്‍, വയനാട് എം.പി. പ്രിയങ്ക ഗാന്ധി, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, സണ്ണി ജോസഫ്, കെ. സുധാകരന്‍ എന്നിവരും മറ്റ് സംസ്ഥാന നേതാക്കളും യോഗത്തില്‍ സന്നിഹിതരായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
