കേരളത്തിലും കടലിനടിയിലൂടെ റോഡ്; ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ഇരട്ട തുരങ്കപാത വരുന്നു

2672.25 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി ഡിസൈന്‍-ബില്‍ഡ്-ഫിനാന്‍സ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ഡിബിഎഫ്ഒടി) മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് നീക്കം

author-image
Biju
New Update
under

കൊച്ചി:  തീരദേശ ഹൈവേയുടെ ഭാഗമായി വൈപ്പിനേയും ഫോര്‍ട്ടുകൊച്ചിയേയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന  ഇരട്ട തുരങ്കപാതയുടെ നിര്‍മാണത്തിന് താല്‍പര്യപത്രം ക്ഷണിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കെ റെയില്‍ നല്‍കിയ സാധ്യത പഠന റിപ്പോര്‍ട്ട് പരിഗണിച്ചാണിതെന്ന് കെ.എന്‍.ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ  പറഞ്ഞു. 

നിയമസഭയില്‍ എംഎല്‍എയുടെ  ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ്  ഇതു സംബന്ധിച്ചുള്ള  വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. 2672.25 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി ഡിസൈന്‍-ബില്‍ഡ്-ഫിനാന്‍സ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ഡിബിഎഫ്ഒടി) മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് നീക്കം. സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും.

9 ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേയ്ക്ക് എറണാകുളം ജില്ലയില്‍ ചെല്ലാനം മുതല്‍ മുനമ്പം വരെ  48 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഫോര്‍ട്ടുകൊച്ചിക്കും  വൈപ്പിനുമിടയില്‍ കപ്പല്‍ച്ചാലിന്റെ ഭാഗത്ത് കടലിനു മുകളിലൂടെ പാലം നിര്‍മിക്കുക അപ്രായോഗികമായതിലാണ് തുരങ്കപാതയ്ക്കുള്ള  സാധ്യത ആരാഞ്ഞത്. തീരദേശ ഹൈവേയെ റോഡ് മാര്‍ഗം ബന്ധിപ്പിക്കാന്‍  16 കിലോമീറ്റര്‍ ദൈര്‍ഘ്യം  വേണ്ടി വരുമ്പോള്‍ തുരങ്കപാതയാണെങ്കില്‍  കേവലം 3 കിലോമീറ്റര്‍ മതിയാകും. 

കപ്പല്‍ച്ചാലിനു കുറുകെ നിര്‍മിക്കുന്ന തുരങ്കം കടലില്‍ 35 മീറ്റര്‍ ആഴത്തിലായിരിക്കും. 10 മുതല്‍ 13 മീറ്റര്‍ വരെയാണ് കപ്പല്‍ച്ചാലിന്റെ ആഴം. ഇരട്ട ടണലുകളില്‍  മൂന്നര മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡും നാലര മീറ്റര്‍ വീതിയില്‍ ഹൈവേയുമാണ് ഉദ്ദേശിക്കുന്നത്. 

പുറത്തെ നാലുവരി അപ്രോച്ച് റോഡുകളിലേക്കാണ് തുരങ്കപാത തുറക്കുക. ഓരോ 250 മീറ്ററിലും എമര്‍ജന്‍സി സ്റ്റോപ് ബേ, 500 മീറ്റര്‍ ഇടവിട്ട്  യാത്രക്കാര്‍ക്കുള്ള വെന്റിലേഷനോടു കൂടിയ എമര്‍ജന്‍സി എക്സിറ്റ് എന്നിവയുമുണ്ടാകും. രണ്ട് അലൈന്‍മെന്റുകള്‍ പരിഗണനയിലുണ്ട്. 

ഫോര്‍ട്ട് കൊച്ചി റോ-റോ ബോട്ട് ജെട്ടിക്കു സമീപം കെ.വി.ജേക്കബ് റോഡിനെയും വൈപ്പിനേയും ബന്ധിപ്പിച്ചുള്ളതാണ് ഒന്ന്. കെ.വി.ജേക്കബ് റോഡിനേയും വൈപ്പിന്റെ പടിഞ്ഞാറു ഭാഗത്തെയും ബന്ധിപ്പിച്ചുള്ളതാണ് രണ്ടാമത്തേത്. യാത്രാമാര്‍ഗത്തിനപ്പുറം രാജ്യാന്തര ടൂറിസം സാധ്യതകളും ടണല്‍ പദ്ധതിക്ക് ഉണ്ടെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.