By Web Desk.11 11 2022
തിരുവനന്തപുരം: കോവളം വെള്ളാര്‍ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കുന്ന രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം ശ്രദ്ധേയമാകുന്നു. നവംബര്‍ 9 നു തുടങ്ങിയ കേരളത്തിലെ തന്നെ ആദ്യ രാജ്യാന്തര സംഗീതോത്സവം 13 വരെ നീളും.
ലേസീ ഇന്‍ഡീ മാഗസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മ്യൂസിക് ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ, ദേശീയ മ്യൂസിക് ബാന്‍ഡുകള്‍ പങ്കെടുക്കുന്നുണ്ട്. ഏഴു പ്രമുഖ വിദേശ ബാന്‍ഡുകള്‍ക്കും ഗായകര്‍ക്കുമൊപ്പം ഇന്ത്യയിലെ 14 പ്രമുഖ ബാന്‍ഡുകളും സംഗീത പരിപാടികള്‍ അവതരിപ്പിക്കും.
റോക്ക് സംഗീത ഇതിഹാസം എറിക് ക്ലാപ്റ്റണിന്റെ അനന്തരവന്‍ യു.കെയിലെ വിഖ്യാതനായ വില്‍ ജോണ്‍സ്, അമേരിക്കയിലെ ജനപ്രിയ ഹാര്‍ഡ് റോക്ക് ഗായകന്‍ സാമി ഷോഫി, ബ്രിട്ടീഷ് ബാന്‍ഡായ റെയ്ന്‍, മലേഷ്യയില്‍ നിന്നു ലീയ മീറ്റ, പാപ്പുവ ന്യൂ ഗിനിയില്‍ നിന്ന് ആന്‍സ്ലോം, സിംഗപ്പൂരില്‍ നിന്നു രുദ്ര, ഇറ്റലിയില്‍ നിന്ന് റോക് ഫ്‌ളവേഴ്‌സ് എന്നീ ബാന്‍ഡുകളും ഗായകരും പങ്കെടുക്കുന്നു.
മുംബയിലെ ഷെറീസ്, ആര്‍ക്ലിഫ്, വെന്‍ ചായ് മെറ്റ് ടോസ്റ്റ്, ഹരീഷ് ശിവരാമകൃഷ്ണന്റെ അഗം, സ്‌ക്രീന്‍ 6, സിത്താര കൃഷ്ണകുമാറിന്റെ പ്രൊജക്ട് മലബാറിക്കസ്, ഊരാളി, ജോബ് കുര്യന്‍, കെയോസ്, ലേസീ ജേ, ചന്ദന രാജേഷ്, താമരശേരി ചുരം, ഇന്നര്‍ സാങ്റ്റം, ദേവന്‍ ഏകാംബരം എന്നിവയാണ് ഇന്ത്യന്‍ ബാന്‍ഡുകള്‍.
മ്യൂസിക് ബാന്‍ഡുകള്‍ സ്വന്തമായി ഗാനങ്ങള്‍ രചിച്ച് സംഗീതം പകര്‍ന്ന് സുസജ്ജമായ വാദ്യോപകരണ, ശബ്ദപ്രകാശ വിതാന സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന സംഗീതമാണ് ഇന്‍ഡീ മ്യൂസിക്. ഈ രംഗത്ത് രാജ്യത്തിലെ ആദ്യത്തേതും പ്രമുഖവുമായ മേളയാണ് ഐ.ഐ.എം.എഫ്.
വൈകിട്ട് 6 മുതല്‍ 10 വരെയാണ് പരിപാടി. ബുക്ക് മൈ ഷോയിലൂടെയും കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നിന്നും ടിക്കറ്റ് വാങ്ങാം.