കലികാലം തുറന്നുകാട്ടി ബി ഡി ദത്തന്റെ 'കലിയും കാലവും'

By ഭജന്‍ ഭദ്രന്‍.30 08 2022

imran-azhar

 

തിരുവനന്തപുരം: 'ആര്‍ദ്രതയില്‍ നിന്നാണ് മനുഷ്യന്‍ പൂര്‍ണതയില്‍ എത്തുന്നത്. ഈ ആര്‍ദ്രത മനുഷ്യന് നഷ്ടപ്പെട്ടാലോ, അവന്‍ പിശാചായി ത്തീരും. ഈ കലികാലത്തില്‍ മനുഷ്യന് സംഭവിക്കുന്നതും അതുതന്നെയാണ്.' പ്രമുഖ ചിത്രകാരന്‍ ബി ഡി ദത്തന്‍ പറയുന്നു. ആര്‍ദ്ര ഭാവങ്ങളെല്ലാം നഷ്ടപ്പെട്ട മനുഷ്യന്റെ കലിപൂണ്ട ഭാവമാണ് 'കലിയും കാലവും' എന്ന ചിത്രപ്രദര്‍ശനത്തിലൂടെ ബി.ഡി. ദത്തന്‍ തുറന്നുകാട്ടുന്നത്.

 

1995 ഇത് ആണ് ബി.ഡി. ദത്തന്‍ കലി ചിത്രങ്ങള്‍ ആദ്യമായി വരയ്ക്കുന്നത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ കവി അയ്യപ്പപ്പണിക്കരെ കാണിക്കുകയും അദ്ദേഹം ചിത്രങ്ങളെപ്പറ്റി 'കലാകൗമുദി' വാരികയില്‍ ലേഖനം എഴുതുകയും ചെയ്തു. മലയാറ്റൂര്‍ രാമകൃഷ്ണന്‍, സുഗതകുമാരി, എം.ടി. വാസുദേവന്‍ നായര്‍, കാവാലം നാരായണപ്പണിക്കര്‍, അബു എബ്രഹാം തുടങ്ങി നിരവധി പ്രമുഖര്‍ ഈ ചിത്രങ്ങളെപ്പറ്റിയുള്ള തങ്ങളുടെ അഭിപ്രായം എഴുതി. ഈ ചിത്രങ്ങള്‍ ഏറെ ജനശ്രദ്ധ നേടുകയും ചെയ്തു.

 

ചിത്രങ്ങള്‍ വരച്ചിട്ട് മുപ്പതോളം വര്‍ഷം പിന്നിടുന്നു. എന്നാല്‍, കലി ചിത്രങ്ങള്‍ക്ക് ഓരോ വര്‍ഷം കഴിയുന്തോറും പ്രസക്തി വര്‍ദ്ധിക്കുകയാണെന്ന് ബി.ഡി. ദത്തന്‍ പറയുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടന്ന ചിത്രങ്ങളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കറുപ്പിലും വെളുപ്പിലും കലിഭാവം പകര്‍ത്തിയ ആറ് ചിത്രങ്ങളാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം.

 

കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകറാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഫൈന്‍ ആര്‍ട്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അജയകുമാര്‍ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ സൂര്യാ കൃഷ്ണമൂര്‍ത്തി മുഖ്യാതിഥിയായി.

 

 

OTHER SECTIONS