പ്ലാസ്റ്റിക്ക് കവറുകളില്‍ ചിത്രവിസ്മയം; ഫ്രഞ്ച് കലാകാരി തിരുവനന്തപുരത്ത്

By Web Desk.16 08 2023

imran-azhar

 

 

തിരുവനന്തപുരം: വംശനാശം നേരിടുന്ന ജീവജാലങ്ങളെ പ്ലാസ്റ്റിക്കില്‍ എംബ്രോയ്ഡറി ചെയ്യുകയാണ് ഫ്രഞ്ച് കലാകാരി പരിസ്ഥിതി പ്രവര്‍ത്തകയുമായ അനൈസ് ബ്യൂല്യു. വഴുതക്കാട്ടെ ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രമായ അലയന്‍സ് ഫ്രാന്‍സൈസ് ട്രിവാന്‍ഡ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറത്തിന്റെ (സിഎസ്സിഎഫ്) സഹകരണത്തോടെ നടക്കുന്ന പദ്ധതിക്ക് വേണ്ടിയാണ് അനൈസ് തിരുവനന്തപുരത്ത് എത്തിയത്.

 

തീരദേശ ഗ്രാമമായ കരുംകുളത്തു ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രോജെക്ടില്‍ തീരദേശ ഗ്രാമങ്ങളില്‍ നിന്നുള്ള പത്തോളം സ്ത്രീകള്‍ പ്ലാസ്റ്റിക്കില്‍ എംബ്രോയ്ഡറി ചെയ്യും. ആഗസ്റ്റ് 12 ന് ആരംഭിച്ച പദ്ധതി ഓഗസ്റ്റ് 19 ന് കരുംകുളത്ത് നടക്കുന്ന പ്രദര്‍ശനത്തോടെ സമാപിക്കും.

 

പരിസ്ഥിതി, മാലിന്യങ്ങള്‍, കല, എംബ്രോയ്ഡറി എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. പരിസ്ഥിതി ഭീഷണി നേരിടുന്ന കമ്മ്യൂണിറ്റികള്‍, പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

തിരുവനന്തപുരത്തിന് പിന്നാലെ ഡല്‍ഹി, പുണെ, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കും പ്രൊജക്ട് വ്യാപിപ്പിക്കും. ഇന്ത്യയിലെ വിവിധ അലയന്‍സസ് ഫ്രാന്‍സൈസ് ശൃംഖലയും ഇന്‍സ്റ്റിറ്റ്യൂട്ട് ഫ്രാന്‍സിസ് പാരീസും ഇന്ത്യയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിക്ക് പിന്നിലുണ്ട്.

 

 

 

 

 

OTHER SECTIONS