വിസ്മയിപ്പിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷി കുട്ടികള്‍

By Web Desk.11 02 2023

imran-azhar

 


തിരുവനന്തപുരം: മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഫെബ്രുവരി 25, 26 തീയതികളില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കുട്ടികളുടെ ദേശീയ കലാമേള 'സമ്മോഹ'ന് തുടക്കം കുറിച്ച് നിശാഗന്ധിയില്‍ കലാസന്ധ്യ അരങ്ങേറി. ഡിഫറന്റ് ആര്‍ട്‌സ് സെന്ററിലെ ഭിന്നശേഷി കുട്ടികള്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

 

കലാസന്ധ്യ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാരം ജേതാവ് ആദിത്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന്‍, ജിജി തോംസണ്‍ ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഡിഫറന്റ് ആര്‍ട്‌സ് സെന്ററിലെ ഭിന്നശേഷി കുട്ടികള്‍ തകര്‍ത്താടി. രണ്ടര മണിക്കൂര്‍ നീണ്ട കലാസന്ധ്യയില്‍ ഭിന്നശേഷി കുട്ടികളുടെ ഫ്യൂഷന്‍ ഡാന്‍സ്, ചെണ്ടമേളം, സ്‌കിറ്റ് എന്നിവയും ഉണ്ടായിരുന്നു.

 

ഫെബ്രുവരി 25, 26 തീയതികളില്‍ നടക്കുന്ന സമ്മോഹന്‍ കലാമേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുക്കും. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളിലാണ് കലാമേള.

 

മേളയില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും.

 

 

OTHER SECTIONS