ഒരു മാസം, 10,000 ഗണപതി ചിത്രങ്ങള്‍; ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് ആര്‍ട്ടിസ്റ്റ് മണിലാല്‍

By Greeshma Rakesh.22 08 2023

imran-azhar

 

 

 

തിരുവനന്തപുരം: ഒരു മാസം കൊണ്ട് കാന്‍വാസില്‍ ഗണപതിയുടെ അതിമനോഹരമായ 10000 രേഖാചിത്രങ്ങള്‍ തീര്‍ത്ത് ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ആര്‍ട്ടിസ്റ്റ് മണിലാല്‍ ശബരിമല. 20ഃ5 അടി ക്യാന്‍വാസില്‍ മൈക്രോ പേന ഉപയോഗിച്ച് മണിലാല്‍ പൂര്‍ത്തിയാക്കിയ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ഗണപതി ചിത്രങ്ങളാണ് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറ(യുആര്‍എഫ്)ത്തിന്റെ അംഗീകാരത്തിന് അര്‍ഹമായത്.

 

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ലോക റെക്കോര്‍ഡ് അംഗീകാര ചടങ്ങില്‍ യുആര്‍എഫ് പ്രതിനിധികള്‍ പങ്കെടുത്തു.ഈ വര്‍ഷം ജൂണ്‍ 27 മുതല്‍ ജൂലൈ 25 വരെ എല്ലാ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെയെടുത്താണ് തന്റെ സ്വപ്നസൃഷ്ടി പൂര്‍ത്തിയാക്കിയത്. 2008 ല്‍ ഗണപതിയുടെ 4500 അക്രിലിക് പെയിന്റിംഗുകള്‍ ഒരു മാസത്തില്‍ പൂര്‍ത്തിയാക്കി മണിലാല്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

 


ബോട്ടണിയില്‍ ബിരുദവും ബിഎഡും നേടിയ മണിലാല്‍ 1999 വരെ ഭൂട്ടാനില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. പത്തനംതിട്ട റാന്നി പെരുനാട് സ്വദേശിയാണ് അറുപതുകാരനായ മണിലാല്‍. ചിത്രരചനയില്‍ ആശയാധിഷ്ഠിത സൃഷ്ടികളിലാണ് മണിലാല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിഘ്‌നങ്ങള്‍ തീര്‍ക്കുന്ന ദൈവസങ്കല്‍പ്പമെന്ന നിലയില്‍ ഗണപതിയെയാണ് ആദ്യം വരച്ചത്.

 

 

OTHER SECTIONS