By Web Desk.30 06 2022
തിരുവനന്തപുരം: കോവളം ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്സ് വില്ലേജില്‍ കലാ പരമ്പര. എല്ലാമാസവും രണ്ട് കലാമേള വീതം ഉണ്ടാകും. മാസത്തെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിലാണ് കലാമേള അരങ്ങേറുക. സെന്റര്‍ സ്റ്റേജ് എന്നാണ് കലാമേളയുടെ പേര്.
പ്രതിദിന സാംസ്‌കാരികപരിപാടികളാണ് ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യപടിയാണിത്. ഇതോടൊപ്പം ലോകസംഗീതോത്സവങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികളും തയ്യാറാകുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന കലാസാംസ്‌കാരിക ഹബായി ക്രാഫ്റ്റ് വില്ലേജിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിദിനകലാസന്ധ്യകളും ലോകമേളകളും സംഘടിപ്പിക്കുന്നത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ പരിപാടികളില്‍ രാജ്യത്തെ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കും.
സെന്റര്‍ സ്റ്റേജിന്റെ ആദ്യ എഡിഷന്‍ ജൂലായ് ഒന്നിന് നടക്കും. വൈകിട്ട് 7 ന് മെന്റലിസ്റ്റ് ഫാസില്‍ ബഷീറിന്റെ ട്രിക്സ്മാനിയ എന്ന മെന്റലിസം പ്രോഗ്രാം ആണ് ആദ്യദിനത്തിലെ ആദ്യപരിപാടി. തുടര്‍ന്ന് പ്രശസ്ത നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ സോളോ ഡ്രാമയായ പെണ്‍നടന്‍ അരങ്ങേറും.
ക്രാഫ്റ്റ് വില്ലേജില്‍ മുപ്പതോളം ക്രാഫ്റ്റ് സ്റ്റുഡിയോകളാണുള്ളത്. കരകൗശലവസ്തുക്കളും കരകൗശലവിദദ്ധര്‍ അവ നിര്‍മ്മിക്കുന്നതും കാണാനും ധാരാളം പേര്‍ ഇവിടെ എത്തുന്നുണ്ട്.
ടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ക്രാഫ്റ്റ് വില്ലേജ് നടത്തുന്നത്.