By RK.23 08 2021
60 അടി വലുപ്പത്തില്‍ പൂക്കളില്‍ തീര്‍ത്ത ശ്രീനാരായണഗുരുദേവന്റെ ഛായാചിത്രം ശ്രദ്ധേയമായി. ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം കൊടുങ്ങലൂര്‍ യൂണിയനു വേണ്ടി ഛായാചിത്രം അറുപതടി വലുപ്പത്തില്‍ തീര്‍ത്തത് ഡാവിഞ്ചി സുരേഷ് ആണ്.
ഓറഞ്ച് ചെണ്ടുമല്ലി, മഞ്ഞ ചെണ്ടുമല്ലി, മഞ്ഞ ജമന്തി, വെള്ള ജമന്തി, ചില്ലിറോസ്, അരളി, ചെത്തിപ്പൂ, വാടാമല്ലി എന്നീ പൂക്കള്‍ ആണ് ഛായാചിത്രത്തിനായി ഉപയോഗിച്ചത്. ഗുരുഭക്തനായ കണ്ണകി ഫ്‌ളവേഴ്‌സ് ഉടമ ഗിരീഷാണ് രണ്ടു ലക്ഷം രൂപയുടെ പൂക്കള്‍ സംഭാവനയായി നല്‍കിയത്.
കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെണ്‍ഷന്‍ സെന്റര്‍ ഉടമ നസീര്‍ 3 ദിവസം ഇതിനു വേണ്ടി സൗജന്യമായി സ്ഥല സൗകര്യങ്ങള്‍ വിട്ടുനല്‍കി. ഒരുപാട് പേരുടെ കൂട്ടായ്മയിലാണ് ഗുരുദേവന്റെ ഭീമാകാര ചിത്രം പിറവിയെടുത്തത്.
നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം. എട്ടു മണിക്കൂറോളം സമയം ചിലവഴിച്ച് ഒരു ടണ്‍ പൂക്കളിലാണ് ചിത്രമൊരുക്കിയത്.