പെട്ടിയിലടച്ച സിനിമ, വിസ്മയമായി റിക്ക് ഷോ

By RK.24 03 2022

imran-azhar

 


തിരുവനന്തപുരം: അടച്ചിട്ട ഓട്ടോറിക്ഷ. പിന്നിലെ പെട്ടി തുറക്കുമ്പോള്‍ സിനിമയുടെ ലോകം തുറന്നു. കൗതുകവും പുതുമയും നിറഞ്ഞ റിക്ക് ഷോയ്ക്ക് തുടക്കമായി. അലിയോണ്‍സ് ഫ്രോന്‍സെയിസ് ദെ ട്രിവോന്‍ഡ്രത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കോളേജ് ഒഫ് ആര്‍ക്കിടെക്ചറില്‍ വച്ചാണ് റിക്ക് ഷോ ആസ്വാദകര്‍ക്കായി തുറന്നത്.

 

കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഫ്രാന്‍സ് പോണ്ടിച്ചേരി ആന്‍ഡ് ചെന്നൈ ലിസ് റ്റാല്‍ബോള്‍ട് ബാരെ, കോളേജ് ഒഫ് ആര്‍ക്കിടെക്ചര്‍ പ്രിന്‍സിപ്പല്‍ ജയകുമാര്‍, ആര്‍ട്ടിസ്റ്റ് ലെ ജെന്റില്‍ ഗാര്‍സിയോണ്‍, അലിയോണ്‍സ് ഫ്രോന്‍സെയിസ് ദെ ട്രിവോന്‍ഡ്രം ഡയറക്ടര്‍ ഈവ മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്നാണ് റിക്ക് ഷോയുടെ ഉത്ഘാടനം നിര്‍വഹിച്ചത്.

 

ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ലെ ജെന്റില്‍ ഗാര്‍സിയോണ്‍ ഒരുക്കിയ, പെട്ടിക്കുള്ളില്‍ ഒതുങ്ങുന്ന മൊബൈല്‍ സിനിമ ആശയമാണ് റിക്ക് ഷോ. സ്വതന്ത്ര സിനിമകള്‍ ഉള്‍പ്പെടെയുള്ളവ ജനങ്ങളിലേക്ക് എത്തിക്കുകയാണ് റിക്ക് ഷോയുടെ ലക്ഷ്യം.

 

തിരുവനന്തപുരം കടമ്പനാട് കോളേജ് ഒഫ് ആര്‍ക്കിടെക്ചറിലെ ആര്‍ക്കിടെക്ചറിലെ ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള കലാകാരന്റെ നിര്‍ദേശപ്രകാരം കോളജിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് റിക്ക് ഷോ യുടെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനും പിന്നില്‍.

 

 

ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ് എന്നിവിടങ്ങളിലെ ആര്‍ട്ട് ഫിലിം ശേഖരത്തില്‍ നിന്നുള്ള അഞ്ച് തീമാറ്റിക് പ്രോഗ്രാമുകള്‍ മാര്‍ച്ചില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പ്രദര്‍ശിപ്പിക്കും. മിറാന്‍ഡ പെനെല്‍ (യു.കെ), ബെന്‍ റസ്സല്‍ (യു.എസ്.എ), ഇന്‍ഗ്രിഡ് വൈല്‍ഡി മെറിനോ (ചിലി), ജോര്‍ജ്ജ് ഷ്വിസ്‌ഗെബെല്‍ (സുയിസ്), ലെ ജെന്റില്‍ ഗാര്‍സണ്‍ (ഫ്രാന്‍സ്) തുടങ്ങിയ സ്വതന്ത്ര കലാകാരന്മാരുടെ സിനിമകള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.

 

സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഭാരത് ഭവനും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും റിക്ക് ഷോക്ക് പിന്തുണ നല്‍കുന്നുണ്ട്.
ഇന്ത്യയിലെ ഫ്രഞ്ച് എംബസി, ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അലയന്‍സ് ഫ്രാന്‍സ് നെറ്റ്വര്‍ക്ക് തുടങ്ങിയവ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സുമായും ഫ്രഞ്ച് കോണ്‍സുലേറ്റുകളുമായും ചേര്‍ന്നൊരുക്കിയ സഹകരണ ശൃംഖലയായ ബോണ്‍ജൂര്‍ ഇന്ത്യ 2022 ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന്റെ ഭാഗമായാണ് റിക്ക് ഷോ സംഘടിപ്പിക്കുന്നത്.

 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷവും ഇന്ത്യ ഫ്രഞ്ച് നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75 ാം വര്‍ഷവും ബോണ്‍ജൂര്‍ ഇന്ത്യ ആഘോഷിക്കുന്നുണ്ട്. 19 ഇന്ത്യന്‍ നഗരങ്ങളില്‍ 120 ഓളം പരിപാടികളാണ് ബോണ്‍ജൂര്‍ ഇന്ത്യയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.

 

പൂനെയിലും കൊല്‍ക്കത്തയിലും റിക്ക് ഷോ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.

 

 

 

 

OTHER SECTIONS