By Web Desk.24 02 2023
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി ഭിന്നശേഷി ദേശീയ കലാമേള. 25, 26 തീയതികളില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ ഉത്തേരന്ത്യയില്‍ നിന്നും ആദ്യസംഘമെത്തി. മദ്ധ്യപ്രദേശിലെ സീഹോറില്‍ നിന്ന് പതിനൊന്നംഗ സംഘവും ഉത്തരാഖണ്ഡില്‍ നിന്ന് ഇരുപത്തിയാറംഗ സംഘവുമാണ് എത്തിയത്. സംഘത്തെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ദേശീയ കലാമേളയില്‍ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങള്‍ക്കൊപ്പം ഡാന്‍സ് ഡ്രാമ, യോഗ ഡാന്‍സ് തുടങ്ങിയ നിരവധി കലായിനങ്ങള്‍ അവതരിപ്പിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ തെലുങ്കാനയില്‍ നിന്നും ദേശീയ പുരസ്‌കാര ജേതാവ് ശ്രേയ മിശ്രയും എത്തിയിരുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് സമ്മോഹന്‍ ദേശീയ കലാമേള സംഘടിപ്പിക്കുന്നത്. കലാമേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുക്കും. മറ്റുള്ള സംഘങ്ങള്‍ ഇന്നും നാളെയുമായി എത്തും.
കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പത്തോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്. മേളയില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും.
മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ ഭിന്നശേഷി മേഖലയില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭരായ വ്യക്തികളുടെ കലാപ്രകടനങ്ങളും അരങ്ങേറും.
കലാപ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.