തൊഴുവന്‍കോട് ശ്രീ ചാമുണ്ഡീദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിന് വ്യാഴാഴ്ച തുടക്കം

By parvathyanoop.25 01 2023

imran-azhar

 

തിരുവനന്തപുരം ജില്ലയിലെ നഗരാതിര്‍ത്തിയില്‍ വടക്കു കിഴക്കു മാറിയുള്ള തൊഴുവന്‍കോട്ടാണ് പുരാതനമായ ശ്രീ ചാമുണ്ഡിദേവി ക്ഷേത്രം. തൊഴുവന്‍കോട് ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം 26 മുതല്‍ അഞ്ചു വരെ നടക്കും.

 

ക്ഷേത്ര പരിധിയില്‍ വരുന്ന കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ഗവണ്‍മെന്റ് ഉത്സവം മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.ഫെബ്രുവരി അഞ്ചിന് രാവിലെ അഞ്ചര മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊങ്കാല നടക്കും.

 

ഐതിഹ്യം


പരാശക്തിയായ ചാമുണ്ഡിദേവി ഇവിടെ കുടികൊണ്ടു കഴിഞ്ഞപ്പോഴാണ് ഈ ദിവ്യസ്ഥാനം തൊഴുവന്‍കോട് എന്നായി മാറിയത്. അസുര നിഗ്രഹത്തിനു ശേഷം അലഞ്ഞു നടന്ന ദേവി ഒടുവില്‍ ഒരു വാതില്‍ കോട്ടയിലുള്ള മേക്കാട് തറവാട്ടിലെത്തുകയാണുണ്ടായത്.

 

അതിനു ശേഷമാണ് അമ്മ ഇവിടെ വാസമുറപ്പിച്ചത്. അതിനു പിന്നില്‍ തിരുവിതാംകൂര്‍ രാജകുടുംബവും എട്ടുവീട്ടില്‍ പിള്ളമാരും അമ്മയുടെ ഭക്തനും കളരി ആശാനുമായ മേക്കാട് പണിക്കരുമായും ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം.

 


കടഞ്ഞെടുത്ത ചന്ദനത്തടിപോലെ മതിലില്‍ പറ്റിപിടിച്ചുവളരുന്ന വടവൃക്ഷത്തിന്റെ വേരുകള്‍ ആരെയും ആകര്‍ഷിക്കും. ഇവിടെയുള്ള തൂണുകള്‍പോലും ശില്‍പചാതുര്യം വഴിഞ്ഞൊഴുകുന്നവ-കോവിലുകളും മണ്ഡപങ്ങളും ഭക്തിഭാവം തുളുമ്പുന്ന ബിംബങ്ങളാല്‍ അലംകൃതവുമാണ്.

 

ശ്രീകോവിലില്‍ ദേവി ചാമുണ്ഡേശ്വരി കൂടെ മോഹിനിയക്ഷിയമ്മയുമുണ്ട്. ക്ഷേത്രത്തില്‍ ശ്രീകോവിലിനകത്ത് യോഗീശ്വരന്‍. ഗണപതി, വീരഭദ്രന്‍, ഭൈരവന്‍, കരിങ്കാളി, ദേവി, തമ്പുരാന്‍, ഗന്ധര്‍വന്‍, യക്ഷി അമ്മ, നാഗര്‍, മറുത, ഭുവനേശ്വരി, ദുര്‍ഗ്ഗ, ബ്രഹ്മരക്ഷസ് കൂടാതെ നവഗ്രഹ പ്രതിഷ്ഠയും ഗന്ധര്‍വ്വനും കന്നിച്ചാവും ഉപദേവന്മാരായിട്ടുണ്ട്.

 


രാവിലെ അഞ്ചരയ്ക്ക് നടതുറന്നാല്‍ പന്ത്രണ്ട് മണിവരെയും വൈകിട്ട് നാലരയ്ക്ക് തുറന്നാല്‍ എട്ടുമണിവരെയും ദര്‍ശനമുണ്ടാകും.

 

ശത്രുസംഹാരാര്‍ച്ചനയും സഹസ്രനാമാര്‍ച്ചനയും നവഗ്രഹാര്‍ച്ചനയും പ്രധാന വഴിപാടുകളാണ്. ഗണപതിക്കും നാഗര്‍ക്കും പ്രത്യേകം അര്‍ച്ചനയുണ്ട്. മംഗല്യപുഷ്പാര്‍ച്ചനയും പൊങ്കാല നിവേദ്യവുമുണ്ട്.

 

അതിനുപുറമെ കോഴിയും ആടും പശുകുട്ടികളും നേര്‍ച്ചയായി ക്ഷേത്രത്തില്‍ എത്തുന്നുമുണ്ട്.

 

 

 

OTHER SECTIONS